കോവിഡ് മഹാമാരിക്ക് ശേഷം ആഗോളതലത്തിലെ തൊഴില്‍മേഖലയില്‍ നടക്കാനിരിക്കുന്ന പുനഃസംഘാടനം 149 ദശലക്ഷം (14.9 കോടി) പുതിയ ഡിജിറ്റല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടെക്്നോളജി മേഖലയിലെ ഭീമന്‍ കമ്പനിയായ മൈക്രോസോഫറ്റ് കണക്കാക്കുന്നു. കോവിഡിന്റെ വ്യാപനത്തിന്റെ ഫലമായി സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യമാണ് ഡിജിറ്റല്‍ തൊഴില്‍ സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്നാണ് മൊക്രോസോഫ്റ്റിന്റെ പ്രവചനം. കാര്‍ലോസ് സാന്റാമരിയ, അറി വിങ്കിള്‍മെന്‍ എന്നിവര്‍ ജിസീറോ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം അടങ്ങിയിട്ടുള്ളത്. ഡിജിറ്റല്‍ മേഖലയിലെ തൊഴിലുകളില്‍ 67-ശതമാനവും സോഫ്റ്റ്‌വെയര്‍ സേവനങ്ങളും, 15 ശതമാനം ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ എന്നിവയും, ബാക്കി സൈബര്‍ സുരക്ഷിതത്വം, മെഷീന്‍ പഠനം, നിര്‍മിത ബുദ്ധി, സ്വകാര്യത തുടങ്ങിയ മേഖലകളിലുമായിരിക്കും. എന്നാല്‍ കോവിഡ് മഹാമാരിയും. സാമ്പത്തിക പ്രതിസന്ധിയും മൂലം ആഗോളതലത്തില്‍ മൊത്തം നഷ്ടമാവുന്ന 25-കോടിയോളം തൊഴിലവസരങ്ങള്‍ക്ക് പകരമാവില്ല പുതിയ ഡിജിറ്റല്‍ തൊഴിലവസരങ്ങള്‍ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതില്‍ ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന അന്തരം ഇനിയും വര്‍ദ്ധിക്കുന്നതിനാണ് തൊഴില്‍മേഖലയിലെ പുനഃസംഘാടനം വഴിതെളിക്കുകയെന്നും അവര്‍ ഭയപ്പെടുന്നു. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളും, ജനവിഭാഗങ്ങളുമാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ കൂടതലായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ സ്വാഭാവികമായും ഉപയോഗപ്പെടുത്തുക ആ വിഭാഗങ്ങളില്‍ നിന്നുളളവരാവും. ചരിത്രപരമായ വിവേചനങ്ങളും, ഉച്ചനീചത്വങ്ങളും ദൃഢീകരിക്കുവാന്‍ ഈ മാറ്റങ്ങള്‍ വഴിയൊരുക്കുമെന്ന ആശങ്കകളും തള്ളിക്കളയാവുന്നതല്ല. സോഫ്റ്റ്വയര്‍ സേവനവ്യവസായ മേഖലയില്‍ വലിയ മുന്നറ്റേങ്ങള്‍ കൈവരിച്ച ഇന്ത്യ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയെപ്പറ്റി വലിയ അവകാശവാദങ്ങള്‍ നടത്തുമെങ്കിലും ഡിജിറ്റല്‍ അന്തരത്തില്‍ ഏറ്റവുമധികം സ്ത്രീ-പുരുഷ വിവേചനം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ നിലനില്‍ക്കുന്ന 42 ശതമാനം ഡിജിറ്റല്‍ ജെന്‍ഡര്‍ അന്തരം ആഗോള ശരാശരിയിലും കൂടുതലാണെന്നു യുണിസെഫിന്റെ ഒരു റിപോര്‍ട്ടില്‍ ചുണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ 29-ശതമാനം മാത്രമാണ് സ്ത്രീകള്‍ എന്ന കാര്യവും അതേ റിപോര്‍ട് വെളിപ്പെടുത്തുന്നു. ഡിജിറ്റല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്ന കണക്കുകള്‍ ആശ്വാസകരമെങ്കിലും അതിന്റെ ലഭ്യത എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ ആവില്ല എന്ന കാര്യം ഉത്ക്കണ്ഠയുളവാക്കുന്നതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.