തിരുവനന്തപുരം: പി.പി.ഇ. കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിന് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. കമ്മീഷന്‍ ജുഡിഷ്യന്‍ അംഗം പി. മോഹനദാസ് ആണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് കവറേജ് നല്‍കണമെന്ന ആവശ്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വെട്ടിക്കുറച്ച ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിലും കമ്മീഷന്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം ആവശ്യപ്പെട്ടു.
പ്രവാസി ലീഗല്‍ സെല്‍ സെക്രട്ടറി സജി മൂത്തേരില്‍ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, തൊഴില്‍ വകുപ്പ് സെക്രട്ടറി, ഐ.എം എ എന്നിവര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.