തിരുവനന്തപുരം: കരമന ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മെഡിക്കല്‍ ബില്ലുകള്‍ കാണാതായ സാഹചര്യത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തുക ഈടാക്കി രോഗിക്ക് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇ.എസ്.ഐ ഡയറക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്.
2479 രൂപയുടെ ബില്ലുകളാണ് നഷ്ടപ്പെട്ടത്. കണ്ടല സ്വദേശി ആര്‍.എസ് സുരേഷ് കുമാറിന്റെ മകന് 2015 ഒക്ടോബറില്‍ പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയില്‍ നടത്തിയ ചികിത്സക്ക് വേണ്ടി മരുന്ന് വാങ്ങിയ ബില്ലുകളാണ് കാണാതായത്. കരമന ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലാണ് ബില്ലുകള്‍ സൂക്ഷിച്ചിരുന്നത്. കമ്മീഷന്‍ ഇ.എസ്.ഐ ഡയറക്ടറെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. ബില്ലുകള്‍ കാണാതായതായി അനേഷണത്തില്‍ വ്യക്തമായി. ജീവനക്കാര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. തുക നല്‍കാന്‍ കാലതാമസം പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.