തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരില്ലെന്ന് മേയര്‍ കെ ശ്രീകുമാര്‍. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്നും മേയര്‍ അറിയിച്ചു. തിരുവനന്തപുരത്ത് രോഗവ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നഗരത്തില്‍ നടപ്പിലാക്കിയിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ നാളെ അവസാനിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്നും രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ആയിരുന്നു ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്. വീടുകളിലും ഓഫീസുകളിലും ഇരുന്നായിരുന്നു മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നത്.
ധന ബില്‍ പാസാക്കാന്‍ സമയം നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനവും മരണങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് പ്രായോഗികമല്ലെന്ന അഭിപ്രായമായിരുന്നു മിക്കവര്‍ക്കും.