തിരുവനന്തപുരം: പ്രശസ്ത മലയാള വാര്‍ത്ത അവതാരകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാവേലിക്കര രാമചന്ദ്രന്റെ തിരോധാനാവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളില്‍ സംസ്ഥാന പോലീസ് മേധാവിയും ജില്ലാ പോലീസ് മേധാവിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ.ജി സാമുവേല്‍ മാവേലിക്കരയാണ് കമ്മീഷന് പരാതി നല്‍കിയത്. കേസില്‍ പോലീസിന് വീഴ്ച്ച പറ്റിയതായി പരാതിയില്‍ പറയുന്നു.
തിരുവനന്തപുരത്തെ ശംഖുമുഖത്ത് ഉള്ള മധു നായര്‍ ന്യൂയോര്‍ക്കിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മാവേലിക്കര 2012 സെപ്റ്റംബര്‍ 26 നാണ് കാണാതാവുന്നത്. മാവേലിക്കരക്കെതിരെ മധു നായര്‍ ഇതിനുമുമ്പ് വലിയതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി പറയുന്നു. മധു നായരുടെയും , വീട്ടിലെ കാവല്‍ക്കാരന്‍ മുരളീധരന്‍ നായര്‍ , റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടു എന്ന് പറയുന്ന ടാക്‌സി ഡ്രൈവര്‍ വിജയന്റെയും മൊഴികളില്‍ വൈരുദ്ധ്യം ഉള്ളത് ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
2012 സെപ്തംബര്‍ 29ആം തീയതി ടാക്‌സി കാറില്‍ മൂന്ന് വലിയ ബാഗുകളുമായി ചെറിയ ബാഗില്‍ ചിപ്‌സും മറ്റുമായി ശംഖുമുഖത്തെ വാടക വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനില്‍ വൈകീട്ട് അഞ്ച് മണിയോടെ എത്തി എന്നാണ് ഒരു സ്വകാര്യ ചാനലില്‍ ഡ്രൈവര്‍ വിജയന്‍ പറഞ്ഞത്. എന്നാല്‍ വിവരാവകാശ പ്രകാരം ലഭിച്ച കെട്ടിടത്തിന്റെ വാച്ചര്‍ മുരളീധരന്‍ നായര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ സെപ്തംബര്‍ 26 ന് ചെറിയൊരു ബാഗുമായി ടാക്‌സിയില്‍ ബോംബയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി എന്നാണ്. കെട്ടിട ഉടമ മധു നായര്‍ സ്വകാര്യ ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞത് രാവിലെ രണ്ട് മൂന്ന് പെട്ടിയുമെടുത്ത് ഒന്നും പറയാതെ ടാക്‌സിയില്‍ പോയി എന്നാണ്. കേരള പോലീസ് അന്വേഷണം ശരിയായ രീതിയില്‍ നടത്തിയിരുന്നില്ല എന്നുള്ള വ്യാപക പരാതി ഉയര്‍ന്നിരുന്നു. കേസ് ഫയല്‍ വളരെ പെട്ടെന്ന് അന്ന് അവസാനിപ്പിക്കുകയും ചെയ്തത് ഏറെ ദുരൂഹത വളര്‍ത്തുന്നതായി മാവേലിക്കര രാമചന്ദ്രന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നുണ്ട്.



















