കെ.അരവിന്ദ്
കഴിഞ്ഞയാഴ്‌ച 11,377 പോയിന്റില്‍ ഉണ്ടായിരുന്ന ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ നിഫ്‌റ്റിക്ക് കഴിഞ്ഞു. കഴിഞ്ഞ ഏതാനും വാരങ്ങളായി ഈ സമ്മര്‍ദത്തില്‍ തട്ടി തടഞ്ഞ് വിപണി താഴേക്ക് വരുന്നതും വീണ്ടും ഈ നിലവാരം ഭേദിക്കാനുള്ള ശ്രമം നടത്തുന്നതുമാണ് കണ്ടിരുന്നത്. ഒടുവില്‍ ആ ശ്രമത്തില്‍ നിഫ്‌റ്റി വിജയിച്ചു. ഈ വാരം 11,400 പോയിന്റിന് മുകളിലേക്ക് ഉയരാന്‍ നിഫ്‌റ്റിക്ക് സാധിച്ചു.
അതേ സമയം ഓഹരി വിപണി കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഈയാഴ്‌ചയും കടന്നുപോയത്. ആഗോള വിപണികളിലെ ചാഞ്ചാട്ടം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു.
നിഫ്‌റ്റി 11,377 പോയിന്റിലുള്ള സമ്മര്‍ദത്തെ അതിജീവിച്ചത് റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ പിന്തുണ ഇല്ലാതെയാണ് എന്നത് ശ്രദ്ധേയമാണ്. നേരത്തെ വിപണിയുടെ കുതിപ്പിന് പ്രധാന പങ്ക് വഹിച്ചിരുന്നത് റിലയന്‍സ് ആണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ആഴ്‌ചയായി കാര്യമായ മുന്നേറ്റം റിലയന്‍സിലുണ്ടായില്ല. പോയ വാരം മറ്റ് പ്രമുഖ ഓഹരികളാണ് വിപണിയുടെ കുതിപ്പില്‍ പ്രധാന പങ്കു വഹിച്ചത്. പ്രധാനമായും ഓട്ടോമൊബൈല്‍, ബാങ്ക് ഓഹരികളാണ് മുന്‍നിരയിലുണ്ടായിരുന്നത്. ധനലഭ്യത തന്നെയാണ് വിപണിയിലെ കുതിപ്പിന് കരുത്തേകിയത്. പോയ വാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടി. അതേ സമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുകയാണ് ചെയ്‌തത്.
11,,377ലുള്ള സമ്മര്‍ദം നിഫ്‌റ്റി ഭേദിച്ച നിലക്ക് 11,550ല്‍ ആണ് ഇനി ചെറിയ സമ്മര്‍ദമുള്ളത്. അതിനു മുകളിലുള്ള സുപ്രധാന സമ്മര്‍ദ നിലവാരം 11,800 ആണ്. ഇപ്പോഴത്തെ നിലയില്‍ 11,100 പോയിന്റിലാണ് താങ്ങുള്ളത്. കുറച്ചു നാളത്തേക്ക് ഒരു റേഞ്ചിനുള്ളില്‍ വിപണി വ്യാപാരം ചെയ്യുന്നതിനാണ് സാധ്യത. റിലയന്‍സ് റാലിയില്‍ പങ്കുകൊള്ളാത്തതിനാല്‍ ബാങ്കിംഗ് ഓഹരികളുടെ പ്രകടനമായിരിക്കും ഇനി വിപണിയുടെ മുന്നേറ്റത്തില്‍ പ്രധാന പങ്ക് വഹിക്കുക.
ധനലഭ്യത നിലനില്‍ക്കുന്നതാണ് വിപണിയുടെ കരുത്ത്. നിക്ഷേപ പ്രവാഹം തുടരുന്നത് വിപണിയുടെ ഗതിയില്‍ തുടര്‍ന്നും നിര്‍ണായകമാകും.



















