കെ.അരവിന്ദ്
ഓഹരി വിപണിയില്‍ മുന്നേറ്റ പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐപിഒകളുമായി കമ്പനികളെത്തുന്നു. 2020ല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ മൂന്ന് കമ്പനികള്‍ മാത്രമാണ് ഐപിഒ ഇറക്കിയത്. എന്നാല്‍ വിപണി മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും ശക്തമായ കുതിപ്പ് കാഴ്‌ച വെച്ചത് പബ്ലിക് ഇഷ്യുവിലൂടെ നിക്ഷേപ സമാഹരണം നടത്താന്‍ ഉചിതമായ സമയമാണ് ഇതെന്ന തോന്നലാണ് കമ്പനികളില്‍ ഉണ്ടാക്കിയിരിക്കുന്നത്. സെപ്‌റ്റംബറില്‍ ഇതുവരെ മൂന്ന് കമ്പനികള്‍ ഐപിഒ ഇറക്കി.
എസ്‌ബിഐ കാര്‍ഡ്‌സ് ആന്റ് പേമെന്റ് സര്‍വീസസ്, റോസറി ബയോടെക്, മൈന്റ്‌സ്‌പേസ് ബിസിനസ് പാര്‍ക്ക് റെയ്‌റ്റ് എന്നീ കമ്പനികളാണ് 2020ല്‍ ആദ്യത്തെ എട്ട് മാസ കാലയളവിനിടെ ഐപിഒ ഇറക്കിയത്. എസ്‌ബിഐ കാര്‍ഡ്‌സ് മാര്‍ച്ചില്‍ 10,000 കോടി രൂപയാണ് പബ്ലിക് ഇഷ്യു വഴി സമാഹരിച്ചത്. ജൂലൈയില്‍ റോസറി ബയോടെക് 500 കോടി രൂപയും മൈന്റ്‌സ്‌പേസ് ബിസിനസ് പാര്‍ക്ക് റെയ്‌റ്റ് 4500 കോടി രൂപയും പബ്ലിക് ഇഷ്യു വഴി സമാഹരിച്ചു.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ആദ്യമാസങ്ങളില്‍ ഐപിഒ വിപണി ഒട്ടും സജീവമായിരുന്നില്ല. ആദ്യ മാസങ്ങളില്‍ ഇറങ്ങിയ പബ്ലിക് ഇഷ്യുകളില്‍ എസ്‌ബിഐ കാര്‍ഡ്‌സിന്റെ ഐപിഒ മാത്രമാണ് ആകര്‍ഷകമായിരുന്നത്. ക്യുഐപികളും റൈറ്റ്‌സ് ഇഷ്യുകളും വഴി ലിസ്റ്റഡ് കമ്പനികള്‍ നിക്ഷേപ സമാഹരണം വന്‍തോതില്‍ നടത്തിയപ്പോള്‍ ഐപിഒ വിപണി നിര്‍ജീവമായി തുടര്‍ന്നു. അതേ സമയം സെപ്‌റ്റംബറോടെ ഈ സാഹചര്യത്തിന് മാറ്റം വന്നു. ഈ വര്‍ഷം അടുത്ത മാസങ്ങളില്‍ ആറ് കമ്പനികളെങ്കിലും പബ്ലിക് ഇഷ്യു നടത്തുമെന്നാണ് അറിയുന്നത്. 10,000 കോടി രൂപ മുതല്‍ 28,000 കോടി രൂപ വരെ പബ്ലിക് ഇഷ്യു വഴി പ്രാഥമിക വിപണിയിലെത്തിയേക്കും.
കഴിഞ്ഞ ആഴ്‌ച നടന്ന കാംസ്, കെംകോണ്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഏയ്‌ഞ്ചല്‍ ബ്രോക്കിംഗ് എന്നീ കമ്പനികളുടെ പബ്ലിക് ഇഷ്യുവിലൂടെയാണ് ഐപിഒ വിപണി വീണ്ടും സജീവമായത്. എന്‍എസ്‌ഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ് കാംസ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രജിസ്‌ട്രാര്‍ ആന്റ് ട്രാന്‍സ്‌ഫര്‍ ഏജന്റ് ആണ് കാംസ്. 69 ശതമാനം വിപണി പങ്കാളിത്തമാണ് കമ്പനിക്ക് ഈ മേഖലയിലുള്ളത്. ഫാര്‍മവ്യവസായത്തിന് ആവശ്യമായ രാസവസ്‌തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ് കെംകോണ്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്. പൊതുവെ മികച്ച പ്രതികരണമാണ് ഈ ഐപിഒകള്‍ക്ക് ലഭിച്ചത്.
ഇവയ്‌ക്കു പിന്നാലെ ലിഖിത ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്, യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി, മാസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഐപിഒ ഈയാഴ്‌ച എത്തുകയാണ്. സെപ്‌റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെയാണ് ഐപിഒക്ക് അപേക്ഷിക്കാവുന്നത്.
റൂട്ട് മൊബൈല്‍, ഐആര്‍എഫ്‌സി, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ഗ്ലാന്റ് ഫാര്‍മ തുടങ്ങിയ കമ്പനികളും ഈ വര്‍ഷം പബ്ലിക് ഇഷ്യു നടത്താന്‍ ഒരുങ്ങുകയാണ്. എന്‍എസ്‌ഇയുടെ ഐപിഒ വിപണി ഏറെ താല്‍പ്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ എന്‍എസ്‌ഇ 10,000 കോടിയോളം രൂപയാണ് പബ്ലിക് ഇഷ്യു വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. മറ്റൊരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആയ ബിഎസ്‌ഇ നേരത്തെ ലിസ്റ്റ് ചെയ്‌തിട്ടുണ്ട്.



















