കെ.അരവിന്ദ്
2020 അവസാനിക്കുന്നതിനിടെ ഓഹരി വിപണി പുതിയ റെക്കോഡ് സൃഷ്‌ടിക്കുമോയെന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. ഓഹരി വിപണി കറുത്ത തിങ്കളാഴ്‌ചയോടെയാണ് പോയവാരം വ്യാപാരം തുടങ്ങിയതെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ കരകയറ്റമാണ് ഓഹരി വിപണിയിലുണ്ടായത്. വലിയ പ്രതികൂല വാര്‍ത്തകളെ പോലും അവഗണിക്കാനാകും വിധം അളവറ്റ ധനലഭ്യത വിപണിയില്‍ നിലനില്‍ക്കുന്നതാണ് ഈ കരകയറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനഘടകം.
യുകെയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് മഹമാരി ഭീതി വീണ്ടും ശക്തിപ്പെടുകയാണെന്ന ആശങ്ക പരത്തിയതാണ് തിങ്കളാഴ്‌ച വിപണിയിലെ പൊടുന്നനെയുള്ള ഇടിവിന് വഴിവെച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത് ആശങ്കക്ക് ആക്കം കൂട്ടി. അതേസമയം തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ എല്ലാ മേഖലകളിലെയും ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ മുന്നോട്ടുവന്നതോടെ വിപണി വീണ്ടും പഴയ ഉയരത്തിലേക്ക് തിരിച്ചെത്തി. ഐടി, ഫാര്‍മ ഓഹരികളാണ് മികച്ച പ്രകടനം കാഴ്‌ച വെച്ചത്.
തിങ്കളാഴ്‌ചത്തെ പരിഭ്രാന്തമായ വിറ്റഴിക്കലിനു ശേഷം വിപണിയിലേക്ക് വീണ്ടും ധനപ്രവാഹം തിരിച്ചെത്തി. കോവിഡിന്റെ പുതിയ വകഭേദം ഉയര്‍ത്തുന്ന ആശങ്കകളെ മറികടന്ന് വീണ്ടും വിപണി ധനപ്രവാഹത്തിന്റെ കരുത്തില്‍ മുകളിലേക്ക് ഉയരുകയാണ് ചെയ്‌തത്. 13,749 പോയിന്റിലാണ് പോയ വാരം വിപണി ക്ലോസ് ചെയ്‌തത്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന് തൊട്ടടുത്താണ്.
കഴിഞ്ഞയാഴ്‌ച ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസിന്റെ ഓഹരി ഉയര്‍ന്ന പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌തതിനു ശേഷം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഓഹരിക്ക് ഒരു ദിവസം പരമാവധി ഉയരാവുന്ന പരിധിയാണ് അപ്പര്‍ സര്‍ക്യൂട്ട്. 74 ശതമാനം പ്രീമിയത്തോടെയാണ് ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസിന്റെ ഓഹരി ലിസ്റ്റ് ചെയ്‌തത്. ബെക്‌ടേഴ്‌സ് ഫുഡ് സ്‌പെഷ്യാലിറ്റീസിന്റെ ഐപിഒക്ക് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 288 രൂപയായിരുന്നു ഇഷ്യു വില. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഐപിഒ ആണ് ബെക്‌ടേഴ്‌സ് ഫുഡിന്റേത്. 198 മടങ്ങാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. അടുത്ത ആഴ്‌ച നിഫ്‌റ്റി ഇതുവരെയുള്ള ഉയര്‍ന്ന നിലവാരമായ 13,770ന് മുകളിലേക്ക് ഉയരുകയാണെങ്കില്‍ 14,000 ആയിരിക്കും അടുത്ത പ്രതിരോധം. 13,600ലും 13,200ലും താങ്ങുണ്ട്.