കെ.അരവിന്ദ്
പോയ വാരം ഓഹരി വിപണി വില്‍പ്പനയോടെയാണ് തുടക്കമിട്ടത്. ജൂലായ് 31 ന് വന്ന റിലയന്‍സ് ഇന്റസ്‌ട്രീസിന്റെ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നെങ്കിലും അതൊന്നും ഓഹരി വിപണിയെ തിങ്കളാഴ്‌ചത്തെ ഇടിവില്‍ നിന്നും പിന്തിരിപ്പിച്ചില്ല. മികച്ച പ്രകടനത്തിലൂടെ റിലയന്‍സിന് ഓഹരി വിപണിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല.
പോയ വാരത്തിലെ ആദ്യദിനത്തിലെ ശക്തമായ വില്‍പ്പന സമ്മര്‍ദത്തിന് കാരണം പ്രധാനമായും ആഗോള വിപണികളിലെ പ്രവണതകളായിരുന്നു. 10,882 പോയിന്റ് വരെ നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും പിന്നീട് തിരികെ കയറുന്നതാണ് കണ്ടത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടി. നിഫ്‌റ്റി വീണ്ടും 11,200ന് മുകളിലേക്ക് ഉയരുകയും ചെയ്തു.
റിസര്‍വ് ബാങ്കിന്റെ നയപ്രഖ്യാപനം വിപണിക്ക് ആവേശം പകര്‍ന്ന ഘടകമാണ്. അടിസ്ഥാന നിരക്ക് കുറച്ചില്ലെങ്കിലും ധനലഭ്യത ഉയര്‍ത്തുന്ന സമീപനം കൈകൊണ്ടത് വിപണി പോസിറ്റീവായാണ് എടുത്തത്. വായ്‌പകളുടെ മൊറട്ടോറിയം നീട്ടുന്നതിനുള്ള നീക്കം ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത്തരം പ്രഖ്യാപനങ്ങളൊന്നും റിസര്‍വ് ബാങ്ക് നടത്താതിരുന്നത് ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികള്‍ക്ക് ഗുണകരമായി.
വായ്‌പ ഒറ്റ തവണ പുന:ക്രമീകരണം നടത്താന്‍ അവസരമൊരുക്കിയതും വിപണിക്ക് ഉത്തേജനം പകര്‍ന്ന പ്രഖ്യാപനമാണ്. തുടക്കത്തിലുണ്ടായ നഷ്‌ടം നികത്താനും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനും ഈയാഴ്‌ച വിപണിക്ക് സാധിച്ചു.
കോവിഡ് രോഗികളുടെ എണ്ണം കൂടിയതും പ്രളയവുമാണ് വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍. മികച്ച മണ്‍സൂണ്‍ നേരത്തെ വിപണിക്ക് അനുകൂല ഘടകമായാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും കനത്ത മഴ പ്രളയത്തിന് വഴിവെച്ചതോടെ കൃഷി നാശം സംഭവിക്കുമോയെന്ന ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന പ്രതീക്ഷ പൊലിയും. അതേ സമയം കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നതും ലിക്വിഡിറ്റിയും വിപണിക്ക് അനുകൂലമായ ഘടകങ്ങളാണ്.
ധനലഭ്യത നിലനില്‍ക്കുന്നതാണ് വിപണിയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. ചാഞ്ചാട്ടം അടുത്തയാഴ്‌ചയിലും തുടരാനാണ് സാധ്യത. 11,,377 ലാണ് നിഫ്‌റ്റിയുടെ സമ്മര്‍ദം. അത് ഭേദിച്ചാല്‍ 11550ല്‍ ആണ് അടുത്ത സമ്മര്‍ദമുള്ളത്. 10800ലാണ് നിഫ്‌റ്റിക്ക് താങ്ങുള്ളത്. ഈ റേഞ്ചിനുള്ളില്‍ അടുത്തയാഴ്‌ചയും വ്യാപാരം ചെയ്യാനാണ് സാധ്യത.













