കെ.അരവിന്ദ്
കടന്നുപോയ ആഴ്‌ച ഓഹരി വിപണി ഇടുങ്ങിയ ഒരു റേഞ്ചിനുള്ളില്‍ നിന്നു കൊണ്ടാണ് വ്യാപാരം ചെയ്‌തത്. 11,800നും 11,377നും ഇടയിലെ റേഞ്ചിലാണ് നിഫ്‌റ്റി വ്യാപാരം ചെയ്‌തത്. 11,377 എന്ന പ്രധാന താങ്ങ് നിലവാരത്തിന് അടുത്തേക്ക് നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും അവിടെ നിന്നും തിരികെ കയറി.
കഴിഞ്ഞയാഴ്‌ചയിലെ ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനത്തില്‍ ആഗോള വിപണികളുടെ സ്വാധീനം പ്രകടമായിരുന്നു. യുഎസ് സെന്‍ട്രല്‍ ബാങ്ക് ആയ യുഎസ് ഫെഡ് അടുത്ത മൂന്ന് വര്‍ഷം പലിശ നിരക്ക് പൂജ്യത്തിന് അടുത്തായി തുടരുമെന്ന് പ്രഖ്യാപിച്ചെങ്കിലും യുഎസ് വിപണി ഇടിയുകയാണ് ചെയ്‌തത്. സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനം പകരുന്ന കൂടുതല്‍ പ്രഖ്യാപനങ്ങള്‍ യുഎസ് ഫെഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷ വിപണിക്കുണ്ടായിരുന്നതു കൊണ്ടാകാം ഈ ഇടിവുണ്ടായത്. യുഎസ്സിലെ ടെക്‌നോളജി ഓഹരികള്‍ വളരെ ചെലവേറിയ നിലയിലായതിനാല്‍ ഒരു തിരുത്തലിനുള്ള പ്രവണത കാണിക്കുന്നതും യുഎസ് വിപണിയെ പ്രതികൂലമായി ബാധിച്ചു.
ഫാര്‍മ, ഐടി ഓഹരികളാണ് പോയ വാരം ഓഹരി സൂചികകളെ താങ്ങിനിര്‍ത്തിയത്. കഴിഞ്ഞയാഴ്‌ച നിഫ്‌റ്റി ഫാര്‍മ സൂചിക 9 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 8 ശതമാനവുമാണ് ഉയര്‍ന്നത്. ഈ രണ്ട് മേഖലകളിലെ ഓഹരികളുടെ പ്രകടനം വിപണിയെ തുണച്ചു. മുന്‍നിര ഫാര്‍മ, ഐടി ഓഹരികളില്‍ മിക്കതും 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
അതേ സമയം ബാങ്കിംഗ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം ദൃശ്യമായിരുന്നു. സെപ്‌റ്റംബര്‍ 28ന് സുപ്രിം കോടതി മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തി ബാങ്കിംഗ് ഓഹരികളെ കരുതലോടെയാണ് നിക്ഷേപകര്‍ സമീപിച്ചത്.
ഫാര്‍മ ഓഹരികള്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാഴ്‌ച വെച്ചത്. ഫാര്‍മ ഓഹരികളിലെ നിക്ഷേപ സാധ്യതയെ കുറിച്ച് വ്യാഴാഴ്‌ച ഞങ്ങള്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച മാത്രം നിഫ്‌റ്റി ഫാര്‍മ സൂചിക അഞ്ച് ശതമാനമാണ് ഉയര്‍ന്നത്.
അടുത്തയാഴ്‌ചയും 11,377 പോയിന്റ് ആയിരിക്കും വിപണിക്കുള്ള ശക്തമായ താങ്ങ് നിലവാരം. 11,377 പോയിന്റില്‍ നിന്നും ഇടിയുകയാണെങ്കില്‍ 11,200 ആണ് അടുത്ത ശക്തമായ താങ്ങ് നിലവാരം. മുകളിലേക്ക് ഉയരുകയാണെങ്കില്‍ 11,800 ആണ് സമ്മര്‍ദ നിലവാരം. 11,377നും 11,800നും ഇടയില്‍ വ്യാപാരം ചെയ്യുന്നത് അടുത്തയാഴ്‌ചയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



















