സമ്പൂര്‍ണ ബൈബിള്‍ മുഴുവനായും പകര്‍ത്തിയെഴുതി ശ്രദ്ധേയയായി തൃശൂര്‍കാരിയായ മറിയാമ്മ ജോസഫ്. 74കാരിയായ മറിയാമ്മ പുതിയ നിയമം മാത്രം എഴുതി തീര്‍ത്തത് ആറ് തവണയാണ്. 23,145 വാക്യങ്ങളുള്ള സമ്പൂര്‍ണ ബൈബിള്‍ പതിനൊന്ന് മാസം കൊണ്ടാണ് ഈ വീട്ടമ്മ പകര്‍ത്തിയെഴുതിയത്. കോവിഡ് കാലത്ത് ഫിയാത്ത് മിഷന്‍ സംഘടിപ്പിച്ച ബൈബിള്‍ പകര്‍ത്തിയെഴുത്ത് മത്സരത്തിലൂടെ 20 നാടുകള്‍ സന്ദര്‍ശിക്കുന്ന വിശുദ്ധ നാട് യാത്ര മറിയമ്മയെ തേടിയെത്തി.
കണിമംഗലം പരേതനായ ചിറ്റിലപ്പള്ളി കുഞ്ഞാപ്പു ജോസഫിന്റെ ഭാര്യയാണ് മറിയാമ്മ. 27 വര്‍ഷം മുന്‍പാണ് കുഞ്ഞാപ്പുവിന്റെ മരണം. മറിയാമ്മയ്ക്ക് ആറ് മക്കളും പതിനാല് പേരക്കുട്ടികളുമാണ് ഉള്ളത്. 2015ലാണ് ബൈബിള്‍ പകര്‍ത്തിയെഴുതാനുള്ള ആദ്യശ്രമം നടന്നത്. ഇതിനെക്കുറിച്ച് മറിയാമ്മ പറയുന്നത് ഇങ്ങനെ:
‘2015ലാണ് ഞാന്‍ ബൈബിള്‍ എഴുതി തുടങ്ങിയത്. ഇതിനോടകം ഞാന്‍ 6 പുതിയ നിയമവും 1 സമ്പൂര്‍ണ്ണ ബൈബിളും പൂര്‍ത്തിയാക്കി. എനിക്ക് കാണാവുന്ന ദൂരത്തിലാണ് ബൈബിളും പേപ്പറും പേനയും വെയ്ക്കുന്നത്. എഴുതാന്‍ തോന്നുന്ന സമയത്ത് പെട്ടെന്ന് എടുക്കാനുള്ള സൗകര്യത്തിനാണിത്.
സാധാരണ ബൈബിള്‍ എഴുതുന്നത് ഒന്‍പത് നോട്ട് ബുക്കിലും എ ഫോര്‍ ഷീറ്റിലുമാണ്. നീല പേനയാണ് ഉപയോഗിക്കുക. പുതിയ നിയമം ആണെങ്കില്‍ 200 പേജുള്ള ആറ് ബുക്കില്‍ എഴുതും. ദിവസം മൂന്ന് മണിക്കൂര്‍ ബൈബിള്‍ എഴുതാന്‍ മാറ്റിവെയ്ക്കും. മൂന്ന്, അഞ്ച്, എട്ട് മാസം എടുത്താണ് പുതിയ നിയമം പകര്‍ത്തിയെഴുതിയത്.
ഞാന്‍ ബൈബിള്‍ എഴുതി കൊണ്ടിരിക്കുമ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. ആറടി താഴ്ച്ചയില്‍ വീണിട്ടും എനിക്ക് ഒരു പോറല്‍ പോലും ഏറ്റില്ല. അന്ന് മുതല്‍ എനിക്ക് ദൈവത്തോടും വചനത്തോടും വിശ്വാസമായി.ഞാന്‍ ബൈബിള്‍ എഴുതുന്നത് കണ്ട് എന്റെ കൊച്ചുമക്കള്‍ക്കും അയല്‍ക്കാര്‍ക്കും ഇടവകയ്ക്കും പ്രചോദനമായിട്ടുണ്ട്. അവര്‍ എല്ലാവരും ബൈബിള്‍ എഴുതുന്നുണ്ട്.’-മറിയാമ്മ പറഞ്ഞു.
സമ്പൂര്‍ണ ബൈബിള്‍ രണ്ടാമതും പകര്‍ത്തിയെഴുതാനുള്ള ശ്രമത്തിലാണ് മറിയാമ്മ ഇപ്പോള്‍..


















