ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നത് പൂര്‍ണമായും യന്ത്രവത്കൃതമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ലോക ശൗചാലയ ദിനമായ ഇന്നലെയാണ് തോട്ടിപ്പണി നിരോധന പുനരധിവാസ ബില്ലില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ നാ?ഗരികതയുടെ തുടക്കം മുതല്‍ നിലവിലുണ്ടെന്ന് കരുതപ്പെടുന്ന അപകടകരമായ ഈ തൊഴില്‍ അവസാനിപ്പിക്കുന്നതിനായി തോട്ടിപ്പണി നിരോധനത്തിനും അവരുടെ പുനരധിവാസത്തിനുമായുള്ള ഭേദഗതികള്‍ സാമൂഹ്യനീതി വകുപ്പ് കൊണ്ടുവരും.
നിയമത്തില്‍ ഇപ്പോള്‍ മാന്‍ഹോള്‍ എന്നാണു പ്രയോഗം. ഇതു മെഷീന്‍ഹോള്‍ എന്നാക്കി മാറ്റും. ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ക്ക് ശുചീകരണ യന്ത്രങ്ങള്‍ വാങ്ങാന്‍ ഫണ്ട് അനുവദിക്കുമെന്നു കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. നിയമലംഘനത്തെക്കുറിച്ച് അറിയിക്കാന്‍ ദേശീയ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ തുടങ്ങും.
2021 ഓഗസ്റ്റില്‍ രാജ്യത്ത് തോട്ടിപ്പണി പൂര്‍ണമായും യന്ത്രവത്കൃതമാക്കി മാറ്റുകയാണ് ലക്ഷ്യം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ അഴുക്കുചാലുകളില്‍ ഇറങ്ങേണ്ടിവന്നാല്‍ ശുദ്ധവായു ഉള്‍പ്പെടെ പൂര്‍ണ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കണം
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അഴുക്കുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലുമായി 376 ജീവനുകളാണ് പൊലിഞ്ഞത്. 2019ല്‍ മാത്രം 110 പേര്‍ മരിച്ചു. 2018 ല്‍ നിന്ന് 61 ശതമാനം വര്‍ധനവുണ്ടായി.



















