ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കായിക തര്‍ക്ക പരിഹാര കോടതി. സാമ്പത്തിക തട്ടിപ്പിന്‍റെ പേരിലാണ് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ സിറ്റി ഗ്രൂപ്പ് നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നത്.
വിലക്ക് നീക്കിയതോടെ അടുത്ത രണ്ട് സീസണിലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാം. യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന ഫിനാന്‍ഷ്യല്‍ ഫയര്‍പ്ലേ നിയമം ലംഘിച്ചെന്നും യുവേഫയെ തെറ്റിദ്ധരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ ഈവര്‍ഷം ആദ്യം വിലക്കിയത്.
അതേമയം നേരത്തെ തീരുമാനിച്ചിരുന്ന പിഴ അടയ്ക്കേണ്ടെന്നും കോടതി വിധിച്ചു. പുതിയ തീരുമാനപ്രകാരം 10 മില്യൺ യൂറോ പിഴയായി അടച്ചാല്‍ മതി. 30 മില്യൺ യൂറോ ആയിരുന്നു ആദ്യം പിഴയായി വിധിച്ചത്. പീമിയര്‍ ലീഗില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.