Web Desk
അലിഗഢ്: ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് രോഗിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ അടിച്ചു കൊലപ്പെടുത്തി. അലിഗഢ് ജില്ലയില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. 4000 രൂപ അടയ്ക്കാത്തതിനെ തുടര്‍ന്ന് നാല്‍പ്പത്തിനാലുകാരനായ സുൽത്താൻ ഖാനെയാണ് ആശുപത്രി ജീവനക്കാര്‍ അടിച്ച് കൊലപ്പെടുത്തിയത്.
ആശുപത്രിയിൽ ചികിത്സ തേടി എത്തിയതായിരുന്നു ഖാനും കുടുംബവും. പണമടയ്ക്കുന്നത് സംബന്ധിച്ച് അന്നേ ദിവസം പ്രശ്നമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയില്‍ നിന്നും മടങ്ങിപ്പോകും വഴിയാണ് ആശുപത്രി ജീവനക്കാർ ഇവരെ ആക്രമിച്ചത്. ഖാന് ചികിത്സ ലഭിച്ചില്ലെന്നും എന്നാൽ ആശുപത്രി ജീവനക്കാർ അധിക തുക ഈടാക്കിയതായും ബന്ധുക്കൾ ആരോപിക്കുന്നു.
അൾട്രാ സൗണ്ട് സ്കാനിങ് ചെയ്യണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. ചെലവ് വഹിക്കാൻ സാധിക്കുമെങ്കിൽ മാത്രമേ ഇവിടെ ചികിത്സിക്കുകയുള്ളൂ എന്ന് ബന്ധുക്കൾ ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാൽ സ്കാനിങ് നടത്താതെ തന്നെ ഇവർ നാലായിരം രൂപ ബില്ലടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബില്ലടയ്ക്കാന്‍ വിസമ്മതിച്ചതാണ് കലഹത്തിന് ഇടയാക്കിയത്.
സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ആശുപത്രി ജീവനക്കാരുമായി കലഹിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് അലിഗഢ് എസ്പി അഭിഷേക് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.