ആക്‌ടിവിസവും സര്‍ഗജീവിതവും ഒരു പോലെ വിട്ടുവീഴ്‌ചകളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രതിഭാശാലികള്‍ ലോകത്ത് തന്നെ അപൂര്‍വമായിരിക്കും. ഇന്ത്യയില്‍ മഹാശ്വേതാദേവിയെ പോലുള്ള ചില അസാധാരണ വ്യക്തിത്വങ്ങളാണ് സര്‍ഗപ്രതിഭയുടെ അപാരമായ ഊര്‍ജവും സാമൂഹ്യപ്രതിബദ്ധതയുടെ കറകളഞ്ഞ പ്രവര്‍ത്തന വീര്യവും ഒരു പോലെ കൊണ്ടുനടന്ന് നമ്മെ വിസ്‌മയിപ്പിച്ചിട്ടുള്ളത്. സുഗതകുമാരി ടീച്ചര്‍ ആ അപൂര്‍വ ജനുസില്‍ ഉള്‍പ്പെടുന്നതിലൂടെയാണ് മലയാളികളുടെ അഭിമാനമായി മാറിയത്.
കവിതയും സമൂഹവും പ്രകൃതിയും ഒരു പോലെ ടീച്ചറെ ആവേശിച്ചു. മലയാളം കണ്ട എക്കാലത്തെയും മികച്ച കാവ്യമുത്തുകളിലേക്ക് തന്റെ പ്രതിഭയുടെ മാന്ത്രികതയാല്‍ തീര്‍ത്ത സൃഷ്‌ടികള്‍ ചേര്‍ത്തുവെക്കുന്നതിനൊപ്പം സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരെയും പ്രകൃതി നേരിടുന്ന വെല്ലുവിളികളെയും നിരന്തരമായി അഭിസംബോധന ചെയ്യുന്നതിലുള്ള പ്രതിബദ്ധത വ്യക്തിത്വത്തിന്റെ ഭാഗമായി അവര്‍ കൊണ്ടുനടന്നു. ടീച്ചര്‍ക്ക് ഒരിക്കലും പ്രവൃത്തിക്കു വേണ്ടി കവിതയെ മാറ്റിവെക്കേണ്ടി വന്നില്ല. സര്‍ഗപ്രതിഭയുടെ ഊര്‍ജത്തെ അവര്‍ പ്രവൃത്തികളിലേക്കും ആവാഹിച്ചു. ഒരു കവിയുടെ സര്‍ഗാത്മകതയുടെ അടയാളങ്ങള്‍ സുഗതകുമാരിയുടെ സാമൂഹിക, പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലുമുണ്ടായിരുന്നു. കക്ഷിരാഷ്‌ട്രീയത്തില്‍ നിന്ന് വിമുക്തവും അതേ സമയം അടിമുടി രാഷ്‌ട്രീയം നിറഞ്ഞതുമായ പരിസ്ഥിതി പ്രവര്‍ത്തനത്തെ മാനിക്കാനും അതിന്റെ പ്രാധാന്യത്തെ തിരിച്ചറിയാനും ദോഷൈകദൃക്കായ മലയാളിയെ നിര്‍ബന്ധിതനാക്കിയതില്‍ സുഗതകുമാരിയുടെ പങ്ക് വളരെ വലുതാണ്.
സംസ്ഥാന വനിതാ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷയായും സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതാവായും സരസ്വതി സമ്മാന ജേതാവായും വ്യത്യസ്‌ത റോളുകളില്‍ തന്റെ മുദ്രകള്‍ പതിപ്പിച്ചപ്പോള്‍ സുഗതകുമാരി കേരള ചരിത്രം കണ്ട ഏറ്റവും സമുന്നതരായ വ്യക്തികളുടെ പട്ടികയിലേക്ക് തന്റെ പേര് എഴുതിചേര്‍ക്കുകയാണ് ചെയ്‌തത്. സ്‌ത്രീപക്ഷ ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും തുടക്കം കുറിച്ചവരില്‍ ഒരാളായി മാറിയ സുഗതകുമാരിയെ മാറ്റിനിര്‍ത്തികൊണ്ട് കേരളീയ സ്‌ത്രീകളുടെ മുന്നേറ്റത്തിന്റെ ചരിത്രം എഴുതാനാകില്ല. ഉപേക്ഷിക്കപ്പെടുകയോ തുണയില്ലാതാകുകയോ ചെയ്‌ത സ്‌ത്രീകള്‍ക്ക് അഭയമായി മാറിയ ടീച്ചര്‍ സമാനമായ മനോഭാവമാണ് പ്രകൃതി നേരിടുന്ന വെല്ലുവിളികളോടും പ്രകടിപ്പിച്ചത്. വികസന തീവ്രവാദത്തിന് പ്രകൃതി ഇരയാകുമ്പോള്‍ നഷ്‌ടപ്പെടുന്ന പാരിസ്ഥിതിക സംതുലനത്തെ കുറിച്ചും അത്യാഗ്രഹത്തിന് നല്‍കേണ്ടിവരുന്ന വിലയെ കുറിച്ചും നമ്മെ അപക്വമതികളായ കുട്ടികളോട് അമ്മയെന്ന പോല്‍ ഓര്‍മപ്പെടുത്താന്‍ അവര്‍ ആര്‍ജവം കാട്ടി. മലയാളം കണ്ട എക്കാലത്തെയും മികച്ച കവിതകളുടെ നിരയിലേക്കാണ് ജന്മസിദ്ധമായ അപാര സിദ്ധിയില്‍ നിന്നും രൂപം കൊണ്ട കാല്‍പ്പനികതയും മാനവികബോധവും ചാലിച്ച തന്റെ സൃഷ്‌ടികള്‍ അവര്‍ ചേര്‍ത്തുവെച്ചത്.
നീതിബോധത്തിലും മനുഷ്യസ്‌നേഹത്തിലും പ്രകൃതിയോടുള്ള താദാത്മ്യമനോഭാവത്തിലും ഉറച്ചുനിന്നുള്ള സാമൂഹ്യപ്രവര്‍ത്തനത്തില്‍ കാട്ടിയ അപാരമായ ചങ്കൂറ്റം ടീച്ചര്‍ മരണത്തിന് മുമ്പ് എഴുതിവെച്ച ഓരോ വാക്കിലും പ്രതിഫലിക്കുന്നു. മതപരമായ ചടങ്ങുകളോ ഔദ്യോഗിക ബഹുമതിയോ പുഷ്‌പാര്‍ച്ചനയോ കൂടാതെ തന്റെ ഭൗതികശരീരം ദഹിപ്പിക്കണമെന്ന നിര്‍ദേശം എഴുതിവെച്ചാണ് സുഗതകുമാരി തന്റെ ഇത്രയും കാലത്തെ വേറിട്ട ജീവിതത്തോട് ചേര്‍ത്തുവെക്കും വിധം മരണത്തെ വരിച്ചത്. മരണാനന്തരചടങ്ങുകള്‍ അലങ്കാരപൂര്‍ണമായ `ബിഗ് ഇവന്റ്’ ആയി ആഘോഷിക്കുന്ന മലയാളി സമൂഹത്തെ പരിഹസിക്കും വിധം കാപട്യങ്ങളോടും നാട്യങ്ങളോടുമുള്ള തന്റെ അടങ്ങാത്ത വിമുഖത അവസാനത്തെ കുറിപ്പിലും അവര്‍ രേഖപ്പെടുത്തി. ജീവിതത്തിലുടനീളം പ്രവൃത്തികളില്‍ കാണിച്ച ഒത്തുതീര്‍പ്പില്ലാത്ത ജാഗ്രത അതേ പടി ആവര്‍ത്തിച്ചുകൊണ്ട് ഇങ്ങനെയൊരു മരണകുറിപ്പ് സുഗതകുമാരി ടീച്ചര്‍ക്ക് മാത്രമേ എഴുതാന്‍ സാധിക്കുകയുള്ളൂ.
മാനവികതയുടെ എണ്ണയില്‍ ജ്വലിച്ച ആ ദീപം പൊലിഞ്ഞുപോകുമ്പോള്‍ ഔപചാരികതയുടെ നാട്യങ്ങളില്ലാതെ ഞങ്ങള്‍ പ്രണാമം അര്‍പ്പിക്കുന്നു.