ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഓഫീസില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്നത്.
അബൂദാബി : ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുള്‍ ഓഫീസില്‍ ജോലി ചെയ്തിരുന്ന മലയാളി ഉദ്യോഗസ്ഥന്‍ അനിഷ് സെയിദാണ് രണ്ടു കോടി രൂപയ്ക്ക് മേല്‍ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ പത്തു വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് അനീഷ് ജോലി ചെയ്യുന്നത്. 2017 ല്‍ ഇസ്താംബുളിലെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കീഴില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലിയില്‍ പ്രവേശിച്ചു.
എന്നാല്‍, സ്വന്തം നിലയില്‍ വിതരണക്കാരുമായി ബിസിനസ് നടത്തി തട്ടിപ്പ് നടത്തി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ ( ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ) തട്ടിപ്പാണ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കമ്പനിയറിയാതെ നടത്തിയ ഇടപാടുകള്‍ അനീഷ് അവധിക്ക് നാട്ടില്‍ പോയ സമയത്താണ് കണ്ടെത്തിയത്. മടങ്ങിയെത്തിയ അനീഷിനോട് അബുദാബിയിലെ ലുലു ആസ്ഥാനത്ത് എത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍, അബുദാബിക്ക് പോകുകയാണെന്ന് പറഞ്ഞ് മടങ്ങിയ അനീഷ് നാട്ടിലേക്കാണ് പോയത്.
അനീഷിനെതിരെ ഇസ്താംബുള്‍ പോലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ കമ്പനിതലത്തിലും സുരക്ഷാ ഏജന്‍സി മുഖാന്തിരവും അന്വേഷണം നടത്തുന്നുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി വി നന്ദകുമാര്‍ അറിയിച്ചു.