മലര്‍വാടി എന്ന ചെറിയ ‘വലിയ സിനിമ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് ഉള്‍പ്പെടെയുള്ള താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടും പത്ത് വര്‍ഷമാകുന്നു. 2010 ജൂലൈ 16ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ദിലീപ് ആയിരുന്നു. സിനിമയുടെ വാര്‍ഷിക ദിനത്തില്‍ പ്രിയ നിര്‍മ്മാതാവിന് നടന്‍ അജു വര്‍ഗീസ് നന്ദി അറിയിച്ചു. ഈ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത് ഈ മനുഷ്യനും ഗ്രാന്‍ഡ് പ്രൊഡക്ഷനുമാണ്. എന്നും ആ നന്ദിയുണ്ട് ദിലീപേട്ടാ..എന്ന് അജു കുറിച്ചു. ദിലീപിനൊപ്പമുള്ള മലര്‍വാടി ടീമിന്‍റെ ചിത്രം പങ്കുവെച്ചാണ് അജു ഓര്‍മ പുതുക്കിയത്.
ചെന്നൈ 600028 എന്ന വെങ്കട് പ്രഭുവിന്‍റെ ചിത്രം തമിഴകത്ത് കത്തിക്കയറിയിരുന്നു. ഈ തമിഴ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വിനീത് ശ്രീനിവാസന്‍ മലര്‍വാടി എടുക്കാന്‍ തീരുമാനിച്ചത്. ഗായകനെന്ന നിലിയില്‍ പേരെടുത്ത വിനീത്, തിരക്കഥാകൃത്തായും സംവിധായകനായും അരങ്ങേറ്റം കുറിക്കുമ്പോള്‍ കൂടെ കൂട്ടിയത് ഒരു കൂട്ടം പുതുമുഖങ്ങളെയിരുന്നു. നിവിന്‍ പോളി, അജു വര്‍ഗീസ്, ഹരികൃഷ്ണന്‍, ഭഗവത് മാനുവല്‍, ശ്രാവണ്‍ തുടങ്ങിയവര്‍ ഇന്ന് മലയാളത്തിലെ മിന്നും താരങ്ങളായി മാറി.
ജഗതി ശ്രീകുമാര്‍, സലീംകുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചു. ഷാന്‍ റഹ്മാന്‍റെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് കോടി മുടക്കിയെടുത്ത ചിത്രം, 8 കോടി രൂപയോളം കളക്ഷന്‍ നേടി.
















