മലപ്പുറം: ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ 21 ഉന്നത ഉദ്യോഗസ്ഥരുടെയും പരിശോധനാ ഫലം പോസിറ്റീവായി. ചികില്‍സയ്ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും.
കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന കളക്ടര്‍ നേരത്തെ തന്നെ ക്വാറന്റൈനിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാനും നേരത്തെ രോഗം ബാധിച്ചിരുന്നു. കോവിഡ് അവലോകന യോഗം ഉള്‍പ്പെടെ പ്രധാന യോഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പങ്കെടുക്കുന്നത്. വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഈ ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്തിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.
മലപ്പുറത്ത് വ്യാഴാഴ്ച 202 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ.
അതേസമയം, കോവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.










