മലബാര്‍ 2020 സംയുക്തസേനാ അഭ്യാസത്തിന്റെ രണ്ടാംഘട്ടം (24ാം പതിപ്പ് ) 2020 നവംബര്‍ 17 മുതല്‍ 20 വരെ വടക്കന്‍ അറബിക്കടലില്‍ നടക്കും. മലബാര്‍ 2020 സംയുക്ത അഭ്യാസത്തിന്റെ ഒന്നാംഘട്ടം ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം മൂന്നു മുതല്‍ ആറുവരെ സംഘടിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുഎസ് നാവികസേനകളുടെ അത്യാധുനികവും സഹകരണ അടിസ്ഥാനത്തില്‍ ഉള്ളതുമായ അഭ്യാസപ്രകടനങ്ങള്‍ രണ്ടാംഘട്ടത്തില്‍ നടക്കും.
വിക്രമാദിത്യ യുദ്ധക്കപ്പല്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാവികസേന സംഘവും, നിമിറ്റ്‌സ് വിമാനവാഹിനി യുടെ നേതൃത്വത്തിലുള്ള യുഎസ് നാവികസേന സംഘവും രണ്ടാംഘട്ടത്തിലെ സംയുക്ത അഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതാണ്.
ഈ രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്ക് പുറമേ, മറ്റ് കപ്പലുകളും അന്തര്‍വാഹിനികളും, വിമാനങ്ങളും വലിയതോതിലുള്ള നാവിക അഭ്യാസങ്ങളില്‍ പങ്കെടുക്കും. ഇതിനുപുറമേ നാല് സൗഹൃദ രാഷ്ട്രങ്ങള്‍ക്കിടയിലെയും,സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അന്തര്‍വാഹിനി, സമുദ്ര ഉപരിതല അഭ്യാസങ്ങളും വെടിക്കോപ്പുകളുടെ പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.



















