മക്ക ഹറമിനും അനുബന്ധ കെട്ടിടങ്ങള്‍ക്കും ആവശ്യമായ വെള്ളം സംഭരിക്കുന്നതിനായി നിര്‍മ്മിക്കുന്ന പുതിയ ജലസംഭരണിയുടെ നിര്‍മാണം പുരോഗമിക്കുന്നു. പദ്ധതിയുടെ നിര്‍മാണ പുരോഗതി ഇരുഹറം കാര്യാലയത്തിന് കീഴിലെ പ്രോജക്ട് ആന്‍ഡ് എന്‍ജിനീയറിങ് പഠനവിഭാഗം അണ്ടര്‍ സെക്രട്ടറി എന്‍ജി. സുല്‍ത്താന്‍ അല്‍ഖുറശി വിലയിരുത്തി. മൂന്നാം ഹറം വിപുലീകരണ പദ്ധതിയോടൊപ്പം നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് പുതിയ ജലസംഭരണിയെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത റമദാനില്‍ പദ്ധതി ഉപയോഗപ്പെടുത്താനാകും. 100 മീറ്റര്‍ വ്യാസമുള്ള സംഭരണിയില്‍ 1,40,000 ക്യുബിക് മീറ്റര്‍ ജലം സൂക്ഷിക്കാം. തറയും ചുവരും ഇരുമ്പും മേല്‍ക്കൂര അലുമിനിയവും കൊണ്ടും നിര്‍മിച്ചതാണ്. ഹറമിനു മാത്രമുള്ള സംഭരണിയാണിത്. 80,000 ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാന്‍ കഴിയുന്ന പഴയ ജലസംഭരണിയുമായി ഇതിനെ ബന്ധിപ്പിക്കും.
പൈപ്പ്‌ലൈനുകളുടെ ജോലി 93 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൂന്നാം റിങ് റോഡിലെ വാട്ടര്‍ സ്‌റ്റേഷനില്‍നിന്നാണ് വെള്ളമെത്തിക്കുന്നത്. അവിടുന്ന് കഅ്കിയയിലുള്ള പമ്പിങ് സ്‌റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്യും. അവിടെനിന്നാണ് മലക്കു മുകളില്‍ സ്ഥാപിച്ച പുതിയ മെറ്റല്‍ ടാങ്കിലേക്കും പിന്നെ ഹറമിലേക്കും അനുബന്ധ കെട്ടിടങ്ങളിലേക്കും ജലം പമ്പ് ചെയ്യുകയെന്നും അണ്ടര്‍ സെക്രട്ടറി അറിയിച്ചു