മുംബൈ: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ലാക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാലു ലക്ഷം പിന്നിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനു വണ്ടിയുളള അടിയന്തര നടപടിയുടെ ഭാഗമായിട്ടാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി സഞ്ജയ് കുമാര്‍ പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് അഞ്ച് മുതല്‍ തിയേറ്ററുകള്‍ ഇല്ലാത്ത മാളുകളും മാര്‍ക്കറ്റ് കോപ്ലക്‌സും റസ്റ്റോറന്റുകളും തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി ഏഴ് വരെ തുറന്നു പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ജൂലൈ 31 വരെയായിരുന്നു ലോക്ക്ഡൗണ്‍ നീട്ടിയിരുന്നുത്. മാസ്‌ക്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക എന്നീ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായി ജനങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുളളത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 400651 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 14,165പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. നിലവില്‍ 144998 പേരാണ് ചികിത്സയിലുള്ളത്.