ഭോപാല്‍: പീഡനക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ വിചിത്ര നിബന്ധനയുമായി മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാബന്ധന്‍ ദിനത്തില്‍ പരാതിക്കാരി പ്രതിയുടെ കൈയില്‍ രാഖി കെട്ടിയാല്‍ പീഡനക്കേസില്‍ ജാമ്യം നല്‍കാമെന്നാണ് കോടതി പറഞ്ഞത്. എല്ലാകാലവും പരാതിക്കാരിയെ സംരക്ഷിച്ചുകൊള്ളാമെന്ന് സത്യം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
രക്ഷാബന്ധന്‍ ചടങ്ങിന്റെ ഭാഗമായി പരാതിക്കാരിക്ക് 11,000 രൂപ നല്‍കാനും കോടതി പ്രതി വിക്രം ബാര്‍ഗിയോട് നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച 50,000 രൂപ കെട്ടിവെച്ച് പ്രതി ജാമ്യം നേടി.
രക്ഷാബന്ധന്‍ ദിനമായ ഓഗസ്റ്റ് 3ന് രാവിലെ 11 മണിക്ക് പരാതിക്കാരിയുടെ വീട്ടിലേക്ക് പ്രതി എത്തണം. മധുര പലഹാരങ്ങളുമായി ഭാര്യയെയും കൂട്ടി വേണം പോകാന്‍. തന്റെ കൈയില്‍ രാഖി കെട്ടാന്‍ പരാതിക്കാരിയോട് അഭ്യര്‍ത്ഥിക്കണം. എല്ലാ കാലവും അവളെ സംരക്ഷിക്കാമെന്ന് സത്യം ചെയ്യണം. പരാതിക്കാരിയുടെ ആശംസകളോടൊപ്പം അവര്‍ക്ക് 11,000 രൂപയും മകന് മധുരപലഹാരവും വസ്ത്രങ്ങളും വാങ്ങാന്‍ 5000 രൂപ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഉജ്ജയിന്‍ ജില്ലക്കാരിയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ച് കയറി് വിക്രം ബാര്‍ഗി പീഡിപ്പിക്കുകയായിരുന്നു. ഇരുവരും അയല്‍വാസികളാണ്.