ഭോപ്പാല്‍: ലൗ ജിഹാദിനെ തടയിടാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ കഠിന തടവ് ലഭിക്കും. മാത്രമല്ല കോടതിയുടെ അനുമതിയില്ലാതെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ ലൗ ജിഹാദിന് കൂട്ടു നില്‍ക്കുന്നവരെയും സാഹായിക്കുന്നവരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ട് മതവിഭാഗങ്ങളില്‍ നിന്ന് വിവാഹിതരാവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നതും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.
നേരത്തെ യുപി, കര്‍ണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളും ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ലൗ ജിഹാദ് തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഇതിനെതിരെ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. യുപിക്ക് പിന്നാലെ വിഷയത്തില്‍ പരസ്യ പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു. നവംബര്‍ നാലിനായിരുന്നു കര്‍ണ്ണാടക മുക്യമന്ത്രി യെദിയൂരപ്പയുടെ പ്രഖ്യാപനം നടന്നത്.ലൗ ജിഹാദ് സാമൂഹ്യ വിപത്താണെന്നും നിയന്ത്രിക്കാന്‍ അനിവാര്യമായ നിയമം കൊണ്ടുവരുമെന്നാണ് യെദിയൂരപ്പ പറഞ്ഞത്.