പ്രമുഖ കോണ്‍ഗ്രസ് നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഗ റാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചു. ഈ ചുമതലയിലിരിക്കെയാണ് 1995ല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്.
കേരളത്തില്‍ കെ.കരുണാകരനെപ്പോലെ ഗുജറാത്ത് കോണ്‍ഗ്രസിലെ കരുത്തനായിരുന്നു മാധവ് സിങ് സോളങ്കി. മൂന്നു തവണ മുഖ്യമന്ത്രി. 1976 ല്‍ ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയ സോളങ്കി സമുദായ വോട്ടുകള്‍ വാരുന്നതിലെ ‘ശാസ്ത്രീയ സമീപനം’ അവതരിപ്പിച്ച ‘ശാസ്ത്രജ്ഞന്‍’ കൂടിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം മണ്ഡലങ്ങളില്‍ സ്വാധീനമുള്ള നാലു സമുദായങ്ങളെ ക്ഷത്രിയര്‍, ഹരിജനങ്ങള്‍, ആദിവാസികള്‍, മുസ്ലിംകള്‍- കയ്യിലെടുത്തുകൊണ്ടുള്ള ആ പരീക്ഷണം സോളങ്കിയെ രണ്ടു തിരഞ്ഞെടുപ്പുകളില്‍ അടുപ്പിച്ച് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ചു.
ഈ സമുദയങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടക്കിയ ഖാം (KHAM) തിയറി എന്ന പേരിലാണ് അതറിയപ്പെട്ടത്. ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തെ കോണ്‍ഗ്രസില്‍ നിന്ന് എക്കാലത്തേക്കുമായി അകറ്റിയതും ഇതേ രാഷ്ട്രീയ തിയറിയായിരുന്നു.