ഗള്‍ഫ് ഇന്ത്യന്‍സ്.കോം
എം. ശിവശങ്കരനെ ബുധനാഴ്ച രാത്രി അറസ്റ്റു ചെയ്തതോടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്സ് പുതിയ വഴിത്തിരിവിലായി. പ്രകടമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള ഉപകരണമായി കേസ്സിന്റെ അന്വേഷണം മാറിയെന്ന സംശയം ശക്തിപ്പെടുന്നു എന്ന അര്‍ത്ഥത്തിലാണ് കേസ്സ് വഴിത്തിരിവില്‍ എത്തിയെന്ന നിഗമനം മുന്നോട്ടു വയ്ക്കാനാവുക. തെളിവുകളുടെ കാര്യത്തില്‍ അല്ല എന്നു പ്രത്യേകം പറയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവിയാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്യാനുളള മുഖ്യപ്രേരണയെന്ന് സംശയം ബലപ്പെടുത്തുന്നത് ഈ കേസ്സുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ ശേഷിപ്പുകളാണ്.
ഇപ്പോഴത്തെ അറസ്റ്റിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നതിന് അവയെക്കുറിച്ചുള്ള ലഘുവിവരണം അനിവാര്യമാണ്. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികള്‍ പ്രത്യക്ഷമായും, ആദായ നികുതി വകുപ്പ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവ പരോക്ഷമായും കഴിഞ്ഞ മൂന്നു മാസത്തിലധികമായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സിന്റെ അന്വേഷണത്തിലാണ്. സാധാരണ ഗതിയില്‍ കള്ളക്കടത്തു കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഭിന്നമായി അതിരുവിട്ട നിലയില്‍ എന്തെങ്കിലും നടപടികള്‍ ഈ കേസ്സില്‍ കസ്റ്റംസ് കൈക്കൊണ്ടതായി കരുതാനാവില്ല. കള്ളക്കടത്തിനായി ഉപയോഗിക്കുന്ന നൂതന മാര്‍ഗങ്ങള്‍, സൂത്രങ്ങള്‍, പുതിയ വ്യക്തികള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു പതിവുപോലെ അവരുടെ അന്വേഷണ വിഷയം. വലിയ പേരുദോഷം കേള്‍പ്പിക്കാതെ ആ പണി കസ്റ്റംസ് ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്.
എന്‍ഐഎ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ വന്നതോടെ കേസ്സ് അന്വേഷണത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു. ദേശവിരുദ്ധ-ഭീകര പ്രവര്‍ത്തനങ്ങളും സ്വര്‍ണ്ണക്കടത്തും തമ്മിലുള്ള അന്തര്‍ധാരകള്‍ കണ്ടെത്തുകയായിരുന്നു എന്‍ഐഎ അന്വേഷണത്തിന്റെ പരിഗണന. സ്വര്‍ണ്ണക്കടത്തിലൂടെ നിയമവിരുദ്ധമായി സമ്പാദിച്ച പണത്തിന്റെ നാള്‍വഴികള്‍ കണ്ടെത്തുകയായിരുന്നു ഇഡിയുടെ ദൗത്യം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രൊജക്ടിന് യുഎഇ-യിലെ റെഡ് ക്രെസന്റില്‍ നിന്നും ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കള്ളക്കടത്തു കേസ്സിലെ മുഖ്യ പ്രതിയെന്നു സംശയിക്കുന്ന സ്വപ്‌ന സുരേഷ് അവിഹിതമായി പണം സമ്പാദിച്ചു എന്ന ആരോപണമാണ് സിബിഐ കേസ്സിന്റെ പരിഗണനയില്‍ വരുന്ന വിഷയം. കള്ളക്കടത്തു കേസ്സിലെ ചില പ്രതികള്‍ക്ക് ബാംഗ്ലുരില്‍ കണ്ടെത്തിയ മയക്കു മരുന്നു കേസ്സുമായുള്ള ബന്ധമാണ് എന്‍സിബി, ഇഡി എന്നീ ഏജന്‍സികളുടെ പരിഗണനയിലെ മറ്റൊരു വിഷയം. ബാംഗ്ലുരിലെ മയക്കുമരുന്നു കേസ്സില്‍ കുറ്റാരോപിതനായ ഒരു വ്യക്തിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഈ അന്വേഷണത്തിന്റെ പരിധിയിലാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള അഞ്ചു ഏജന്‍സികളുടെ സജീവ പരിഗണനയിലുള്ള വിഷയമാണ് സ്വര്‍ണ്ണക്കടത്തും അതിനോടു ബന്ധമുണ്ടെന്നു കരുതുന്ന മറ്റു കേസ്സുകളുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. അതായത് കേസ്സുകളുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഇഴകീറി പരിശോധിക്കുന്നതിന്റെ തിരിക്കിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ അഞ്ചു ഏജന്‍സികളും. ഈ കേസ്സുകളെല്ലാം വിശദവും, കൂലങ്കുഷവുമായ അന്വേഷണവും, പരിശോധനയും അര്‍ഹിക്കുന്നു എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമുള്ളതായി തോന്നുന്നില്ല. ഈ അഞ്ചു ഏജന്‍സികളും കഴിഞ്ഞ മൂന്നു മാസമായി നടത്തിയ അന്വേഷണങ്ങളില്‍ നിന്നും ഇതുവരെ വെളിവാകുന്ന വിവരങ്ങള്‍ എന്താണ്. കേസ്സുകളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും, മറ്റു രേഖകളുമാണ് അതിന് ആശ്രയം.
കസ്റ്റംസ് ഇതുവരെ സമര്‍പ്പിച്ച രേഖകളില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്ന വിവരം നേരത്തെ സൂചിപ്പിച്ചതുപോലെ കള്ളക്കടത്തിന്റെ നൂതനമായ മാര്‍ഗങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ മാത്രമാണ്. കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ സാധാരണഗതിയില്‍ നടത്തുന്ന തരികിടകളല്ലാതെ അസാധാരണമായ എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഇപ്പറയുന്ന കേസ്സിലെ കുറ്റരോപിതര്‍ ഏര്‍പ്പെട്ടതായി കസ്റ്റംസിന്റെ ഭാഗത്തുനിന്നും ഇതുവരെ തെളിവുകള്‍ ഒന്നും ഹാജരാക്കിയിട്ടില്ല. രാജ്യദ്രോഹ-ഭീകരവാദ ബന്ധങ്ങളുടെ കണ്ണികള്‍ തേടുന്ന എന്‍ഐഎ-കേസ്സിന്റെ സ്ഥിതി ‘പണ്ടേ ദുര്‍ബല പിന്നെ ഗര്‍ഭിണി’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ്.
എന്‍ഐഎ-യുടെ യുഎപിഎ നിയമപ്രകാരമുള്ള കേസ്സിലെ മൊത്തം 16 കുറ്റാരോപിതരില്‍ 12-പേര്‍ക്കും പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 100 ദിവസത്തെ അന്വേഷണത്തിനു ശേഷവും കുറ്റാരോപിതര്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതിനുള്ള തെളിവുകള്‍ ഒന്നും ഹാജരാക്കുവാന്‍ അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസ്സിലെ സിബിഐ അന്വേഷണത്തിന്റെ ഭാവി തല്‍ക്കാലം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സ്വര്‍ണ്ണക്കടത്തു വഴി നേടിയ കള്ളപ്പണം വെളുപ്പിച്ചതാണ് ഇഡിയുടെ അന്വേഷണ പരിധിയില്‍ വരുന്ന കാര്യം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം അഥവ പിഎംഎല്‍എ-യുടെ വകുപ്പ് 3 പ്രകാരമുള്ള, കുറ്റം തെളിഞ്ഞാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന, കേസ്സാണ് ഇഡി-യുടെ അന്വേഷണ വിഷയം. മയക്കു മരുന്നു കേസ്സിലെ കുറ്റാരോപിതനുമായി കൊടിയേരിയുടെ മകന്റെ സാമ്പത്തിക ബന്ധവും ഇഡിയുടെ പരിഗണനയിലുള്ള കേസ്സാണ്. കള്ളക്കടത്തു കേസ്സും, ബിനീഷിന്റെ കേസ്സു തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും ഈ രണ്ടു കേസ്സുകളിലുമാണ് ബുധനും, വ്യാഴനുമായി നിര്‍ണ്ണായക നീക്കങ്ങള്‍ ഇഡി നടത്തിയത്. ബുധനാഴ്ച ശിവശങ്കരന്റെ അറസ്റ്റും, വ്യാഴാഴ്ച നടന്ന ബിനീഷ് കൊടിയേരിയുടെ അറസ്റ്റും കേരളത്തിലെ സിപിഎം നേതൃത്വത്തെ വെട്ടിലാക്കാന്‍ പര്യാപ്തമാണ്.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സെക്രട്ടറിയേറ്റ് നിറഞ്ഞു നിന്നിരുന്ന ഉദ്യോഗസ്ഥനും, പാര്‍ടി സെക്രട്ടറിയുടെ മകനും ഒരേസമയം സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെടാനിടയായ സാഹചര്യം സിപിഎം-ന്റെ രാഷ്ട്രീയ ധാര്‍മികതക്കു നേരെ ഉയരുന്ന കനത്ത വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ അറസ്റ്റുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ ശക്തികളുടെ ലക്ഷ്യവും അതു തന്നെയാണ്. സ്വര്‍ണ്ണക്കടത്തു കേസ്സിലെ മുഖ്യ കണ്ണിയെന്നു സംശയിക്കുന്ന സ്വപ്‌നയും, ശിവശങ്കരനും കൂട്ടുകച്ചവടത്തിലെ പങ്കാളികളാണെന്ന വാദമാണ് ഇപ്പോള്‍ ഇഡി പ്രധാനമായും ഉയര്‍ത്തുന്നത്. ഇതുവരെ ഈ കേസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ ആരും തന്നെ അങ്ങനെയൊരു വാദം ഇത്ര തുറന്ന രീതിയില്‍ ഉന്നയിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനു ലഭിച്ചുവെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിക്കുന്ന ടെലിഫോണ്‍ വിളി വീണ്ടും പൊടിതട്ടി എടുത്തതില്‍ കൂടുതലായി വലിയ തെളിവുകളൊന്നും ശിവശങ്കരനെതിരെ ഇഡി കണ്ടെത്തിയതായി പറയാനാവില്ല എന്ന സാഹചര്യത്തിലാണ് കൂട്ടുകച്ചവടത്തിന്റെ ആഖ്യാനങ്ങള്‍ സംശയകരമാവുന്നത്.
സ്വര്‍ണ്ണക്കടത്തു പുറത്തുവന്ന ദിവസം ഉന്നയിച്ച ഈ ആരോപണം കസ്റ്റംസും, എന്‍ഐഎ-യും പിന്നീട് നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇഡി ഇപ്പോള്‍ അതിന് ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നതിന്റെ യുക്തി മുഖ്യമന്ത്രിയുടെ ഓഫീസും സ്വര്‍ണ്ണക്കടത്തുമായി പ്രത്യക്ഷത്തില്‍ ബന്ധമുണ്ടെന്ന രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദി ഒരുക്കലാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി നേതാവ് സുരേന്ദ്രനും, കോണ്‍ഗ്രസ്സ് നേതാക്കളായ രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് നിരവധി പേരും നടത്തുന്ന പ്രതികരണങ്ങള്‍ ആ സംശയത്തെ ബലപ്പെടുത്തുന്നു. സംഘടിതവും, ആസൂത്രിതവുമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കുറ്റാന്വേഷണ സംവിധാനങ്ങളെ ഒരു മറയുമില്ലാതെ ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരു ഉദാഹരണമായി സ്വര്‍ണ്ണക്കടത്ത് കേസ്സും മാറിയാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന.
.