കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചതിന് പിന്നാലെ എം.ശിവശങ്കര്‍ ജയില്‍ മോചിതനായി. ജാമ്യം ലഭിച്ചുവെന്ന ഉത്തരവ് കാക്കനാട് ജില്ലാ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോചിതനായത്. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് വിവരം. ബന്ധുക്കള്‍ അദ്ദേഹത്തെ കൊണ്ടുപോകാന്‍ ജയിലിന് മുന്നില്‍ കാത്തുനിന്നിരുന്നു. ഇന്ന് രാവിലെയാണ് ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
പാസ്‌പോര്‍ട്ട് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, രണ്ടു ലക്ഷം രൂപയുടെ രണ്ടു ആള്‍ ജാമ്യം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ ഒക്ടോബര്‍ 28-നാണ് ശിവശങ്കര്‍ അറസ്റ്റിലാകുന്നത്.