തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ട്. 20 നാണ് സൂക്ഷ്മ പരിശോധന. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തിയതി ഇന്നലെ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവ ചര്‍ച്ചകളും ആരംഭിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രചരണ പരിപാടികളാണ് ഇത്തവണ നടക്കുക. തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനില്‍ക്കെ രാഷട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള തിരക്കിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി മാറുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി മിക്ക ജില്ലകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് യോഗം ചേരും. ഒരു ദിവസം നീളുന്ന യോഗത്തില്‍ പ്രാദേശിക നീക്കുപോക്കുകളും സീറ്റ് വിഭജനവും ചര്‍ച്ചയാകും. വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍എംപി എന്നിവയുമായി പ്രാദേശിക സഖ്യം വേണമെന്ന നിര്‍ദേശം പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുളള പ്രതിഷേധ പരിപാടികള്‍ മുന്നോട്ടു പോകേണ്ടത് എങ്ങനെയെന്നും യോഗത്തില്‍ തീരുമാനിക്കും.
സിപിഎം സംസ്ഥാന സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര വിരുദ്ധ സമരങ്ങള്‍ എന്നിവയായിരിക്കും സംസ്ഥാന സമിതിയുടെ പ്രധാന ചര്‍ച്ച വിഷയങ്ങള്‍.