കെ.പി. സേതുനാഥ്
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ ദിശാബോധത്തിന്റെ അളവുകോലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെുപ്പിനെ കണക്കാക്കാനാവില്ലെന്നാണ് സാധാരണയുള്ള രാഷ്ട്രീയ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലെ ജയാപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഒട്ടനവധി പ്രദേശിക ഘടകങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതാണ് അതിനുള്ള കാരണം. സാധാരണനിലയില്‍ അതില്‍ തെറ്റു പറയാനുമാവില്ല. പക്ഷെ കേരളത്തില്‍ ഇപ്പോള്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഈ പൊതുനിഗമനത്തിന്റെ ചേരുവകളെ അസ്ഥാനത്താക്കുന്നു. പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.
സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരായ ഹിതപരിശോധന എന്ന നിലയിലാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയും, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ-മുന്നണിയും തങ്ങളുടെ തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചത്. കസ്റ്റംസും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, സിബിഐ-യും മറ്റു പരശതം കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒന്നിനു പുറകെ ഒന്നായി ദിവസേന നടത്തിയ ‘വെളിപ്പെടുത്തലുകള്‍’ സിപിഎം-ന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ വല്ലാതെ ഉലച്ചിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ഇടതു മുന്നണി മേല്‍ക്കൈ നേടിയതായി അതിന്റെ നേതാക്കള്‍ പോലും അവകാശപ്പെട്ടിരുന്നില്ല. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പൊതുവെ ‘ഡിഫന്‍സീവ്’ പ്രചാരണം ആയിരുന്നു ഇടതു മുന്നണി നടത്തിയിരുന്നത്. തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദകരമാകുന്നതിന്റെ പശ്ചാത്തലം ഇതാണ്.
പ്രതീക്ഷിക്കാത്ത വിജയം കൈവരിച്ചുവെന്നു മാത്രമല്ല തങ്ങളുടെ വോട്ടിന്റെ അടിത്തറ വല്ലാതെ ചോരുന്ന പ്രവണതക്കു തടയിടാന്‍ കഴിഞ്ഞുവെന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് എല്‍ഡിഎഫിനു വലിയ ആത്മവിശ്വാസം നല്‍കുന്ന സംഗതിയാവും. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ലക്ഷത്തിലധികം വോട്ടിനു പുറകില്‍ പോയ സ്ഥിതിയില്‍ നിന്നും ഇത്രയും വലിയ തിരിച്ചുവരവു നടത്താനായത് സിപിഎം-നും എല്‍ഡിഎഫി-നും ഏറെ ആശ്വാസകരമാണ്. ശബരിമല സവര്‍ണ്ണ-ശൂദ്ര കലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ ഇടതു വോട്ടുകളില്‍ ഗണ്യമായ പങ്കും തിരികയെത്തി എന്നാണ് ഇപ്പോഴത്തെ ഫലങ്ങള്‍ നല്‍കുന്ന പ്രാഥമിക സൂചന. ഒരോ മുന്നണികള്‍ക്കും ലഭിച്ച വോട്ടിന്റെ വിശദമായ വിവരം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരിക്കാനാവും.
ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും യുഡിഎഫും കൈവരിച്ച നേട്ടം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നിനു പുറകെ ഒന്നായി ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വേണ്ടവിധം വിജയിക്കാനും കഴിഞ്ഞില്ല എന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികള്‍ സ്ഥാനത്തും, അസ്ഥാനത്തും നടത്തിയ ‘വെളിപ്പെടുത്തലുകളെ’ അതുപോലെ ഏറ്റുപാടുന്നതിനപ്പുറും സംസ്ഥാന സര്‍ക്കാരിനെതിരെ കാതലായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ കോണ്‍ഗ്രസ്സിനും, യുഡിഎഫി-നും കഴിഞ്ഞില്ലെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. എന്നു മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിക്കുന്ന പ്രവണതക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പുലര്‍ത്തിയ മൗനം രാഷ്ട്രീയമായി അവര്‍ക്കു തിരിച്ചടിയായി എന്നു കരുതേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി പോലും കേന്ദ്ര സര്‍ക്കാരിന്റെ ഈ സമീപനത്തിനെതിരെ പരസ്യമായി രംഗത്തു വന്നുവെങ്കിലും കേരളത്തിലെ നേതാക്കള്‍ അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന നിലയില്‍ മുന്നോട്ടു പോവുകയായിരുന്നു.
ലോകസഭ തെരഞ്ഞെടുപ്പിലെ സവിശേഷ സാഹചര്യം അതുപോലെ ആവര്‍ത്തിക്കുമെന്ന മൗഢ്യവും അവര്‍ പുലര്‍ത്തിയിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ യുഡിഎഫി-നു അനുകൂലമായി ന്യൂനപക്ഷ വോട്ടുകളില്‍ വന്ന വലിയ ധ്രൂവീകരണവും, സിപിഎം-ന്റെ പരമ്പരാഗത വോട്ടുകളില്‍ വന്ന വിള്ളലുമാണ് ഇരുപത് ലോകസഭാ സീറ്റുകളില്‍ 19-ഉം നേടാനുള്ള പ്രധാന കാരണം. എന്നാല്‍ അതിനു തൊട്ടു പുറകെ നടന്ന നിയമസഭാ ഉപതെരഞ്ഞടുപ്പുകളില്‍ വട്ടിയൂര്‍ക്കാവിലും, കോന്നിയിലും, പിന്നീട് പാലായിലും എല്‍ഡിഎഫ് വിജയിച്ചതോടെ ലോകസഭ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ ആധികാരികത എല്ലായ്പോഴും അതുപോലെ നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമായിരുന്നു. കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതൃത്വം ഇക്കാര്യം യഥാവിധി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഇപ്പോഴത്തെ ഫലങ്ങള്‍ തെളിയിക്കുന്നത്.
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ്സ് യുഡിഎഫ് വിട്ടു പോരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള രാഷ്ട്രീയ അവധാനത പുലര്‍ത്തുന്നതിന് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയാതെ പോയത് അതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ്. കോണ്‍ഗ്രസ്സ്-യുഡിഎഫ് കോട്ടകളായി കരുതുന്ന മധ്യ തിരുവിതാംങ്കൂര്‍ മേഖലയില്‍ ജോസ് കെ മാണിയുടെ പടിയിറങ്ങള്‍ യുഡിഎഫിന് കനത്ത തിരിച്ചടി ആയതായി തെരഞ്ഞെടുപ്പു ഫലങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമസഭ തെരഞ്ഞെടുപ്പിനു വെറും നാലു മാസം മാത്രം ബാക്കിയിരിക്കെ സംഭവിച്ച ഈ തിരിച്ചടി മറികടക്കുന്നതിന് കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതൃത്വം കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. ജമാത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രൂപപ്പെടുത്തിയ ധാരണ മലബാര്‍ മേഖലയില്‍ യുഡിഎഫിന് നേട്ടത്തിനു പകരം കോട്ടമാണ് വരുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍ നല്‍കുന്ന സൂചന.
യുഡിഎഫിനു നേരിട്ട തിരിച്ചടി പോലെ പ്രധാനമാണ് ബിജെപിയുടെ എന്‍ഡിഎ മുന്നണിയുടെ അവകാശവാദങ്ങളുടെ മുനയൊടിഞ്ഞതും. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം വര്‍ഗീയമായ പ്രചാരണ കോലാഹലങ്ങള്‍ നടത്തിയിട്ടും കാര്യമായ നേട്ടം കൈവരിക്കുവാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തവണ കൈവരിച്ച നേട്ടം കഷ്ടിച്ച് നിലനിര്‍ത്താനായതും, പന്തളം മുന്‍സിപ്പാലിറ്റി ഇടതു മുന്നണിയില്‍ നിന്നും പിടിച്ചു പറ്റാനായതും മാത്രമാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ലഭിച്ച നേട്ടം. തദ്ദേശ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണയിച്ച ഘടകങ്ങള്‍ ആയരിക്കില്ല നിയമസഭാ തെരഞ്ഞെടുപ്പിന്റെ അലകും, പിടിയും നിശ്ചയിക്കുക എന്നു വ്യക്തമാണ്. എന്നാലും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സമയത്തു നടന്ന തദ്ദേശ പോരില്‍ ഇടതു മുന്നണി നേടിയ വിജയം ഭരണത്തുടര്‍ച്ച എന്ന എല്‍ഡിഎഫി-ന്റെ അവകാശവാദം അതിമോഹമല്ലെന്ന ധാരണ ഉറപ്പിക്കുവാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.