ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കി. നേരത്തെ കിരീടം ഉറപ്പിച്ചിരുന്നെങ്കിലും മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ചാമ്പ്യന്മാരായത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു വാശിയേറിയ പോരാട്ടം നടന്നത്. സ്വന്തം മണ്ണിലെ മത്സരം ലിവര്‍പൂളിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയാണുണ്ടായത്.
LIVERPOOL FOOTBALL CLUB ARE PREMIER LEAGUE CHAMPIONS pic.twitter.com/MpNbPQ9tQP
— The Redmen TV (@TheRedmenTV) July 23, 2020
30 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലിവര്‍പൂള്‍ കിരീടമണിയുന്നത്. കളിയുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ എട്ട് ഗോളുകളും നേടിയത് എട്ട് പേരായിരുന്നു. മത്സരത്തിന്റെ 23 ആം മിനിറ്റില്‍ നബി കെയ്റ്റയിലൂടെയാണ് ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടുന്നത്. കൂടാതെ 38 ആം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്ന് അലക്‌സാണ്ടര്‍ അര്‍നോള്‍ഡും 43 ആം മത്തെ മിനിറ്റില്‍ വിനാള്‍ഡമും ഗോള്‍ നേടി. റോബര്‍ട്ടോ ഫിര്‍മിനോ 55 ആം മത്തെ മിനിറ്റിലും അലെക്‌സ് ഓക്‌സാല്‍ഡെ ചാംപര്‍ലെയ്ന്‍ 84 മത്തെ മിനിറ്റിലും ഗോള്‍ സ്വന്തമാക്കി. ഒലിവര്‍ ജിറൂഡ്, ടാമി അബ്രഹാം, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവര്‍ ചെല്‍സിയുടെ ഗോളുകള്‍ മടക്കുകയായിരുന്നു.
ലിവര്‍പൂളിനോട് തോറ്റതോടെ ചെല്‍സി നാലാം സ്ഥാനത്തായി. അവസാന മത്സരത്തില്‍ ഒരു പോയിന്റെങ്കിലും നേടിയാലെ ചെല്‍സിയ്ക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ സാധിക്കുകയുളളു. ലീഗിലെ മറ്റൊരു കളിയില്‍ വെസ്റ്റ്ഹാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 1-1 സമനിലയില്‍ പിടിച്ചുകെട്ടിയിരുന്നു. സമനില വഴങ്ങേണ്ടി വന്നെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേയ്ക്ക് എത്തി. ചെല്‍സിയുടെ തോല്‍വി യുണൈറ്റഡിന് ആശ്വാസകരമാവുകയാണ് ചെയ്തത്.