സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ‘ലൈഫ്’ ന് കേന്ദ്ര പദ്ധതിയായ പിഎംഎവൈ ഗ്രാമീണുമായി ബന്ധമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. പി.എം.എ വൈ പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നുവെന്ന പേരില്‍ നടക്കുന്നത് വ്യാജ പ്രചരണമാണ്. പി.എം.എ.വൈ (ജി) യില്‍ ആവാസ്പ്ലസ് മൊബൈല്‍ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് 2019 മാര്‍ച്ച് 8 വരെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി തന്നിരുന്നത്. അപ്രകാരം ചേര്‍ത്ത ഗുണഭോക്താക്കളുടെ ആധാര്‍ പരിശോധനയ്ക്കു ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസ്സില്‍ പുതിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിട്ടില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫിനുവേണ്ടി 2017 ല്‍ കുടുംബശ്രീ മുഖേന നടത്തിയ സര്‍വ്വേ പ്രകാരം ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായവരെ ലൈഫ് ഭവന നിര്‍മ്മാണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതുപ്രകാരം ആഗസ്റ്റ് ഒന്നു മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി യാതൊരു വിധ സാക്ഷ്യപത്രങ്ങളോ സാക്ഷികളോ വേണ്ടതില്ല. സര്‍ക്കാര്‍ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന രേഖകളുമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹെല്പ് ഡെസ്‌ക്കു വഴിയോ സ്വന്തമായോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും സര്‍ക്കാര്‍ മനണ്ഡപ്രകാരം മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതാണ്. ഈ പട്ടികയ്ക്ക് മറ്റൊരു പദ്ധതിയുമായി ബന്ധമില്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു.

















