തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ മുഴുവന്‍ ഫയലുകളും ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയ നിയമസഭാ സമിതി തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്. നിയമസഭ സമിതി ഇല്ലാത്ത അധികാരം ഉപയോഗിച്ചു. സഭയ്ക്ക് നല്‍കിയ ഉറപ്പുകള്‍ സംബന്ധിച്ചാണ് അന്വേഷിക്കേണ്ടതെങ്കില്‍ ഉറപ്പുകള്‍ സംബന്ധിച്ച സമിതിയാണ് അത് അന്വേഷിക്കേണ്ടത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ല. ലൈഫ് മിഷന്‍ ഫയലുകള്‍ വിജിലന്‍സ് ആണ് കൊണ്ടുപോയത്. വിജിലന്‍സിനോട് വിശദീകരണം തേടാത്തതെന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു.
ലൈഫ് മിഷന്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന് ജെയിംസ് മാത്യു നല്‍കിയ അവകാശലംഘന നോട്ടീസ് പരിഗണിച്ചാണ് നിയമസഭാ സമിതി ഇ.ഡിയോട് വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും.
ഇ ഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലായിരിക്കുകയാണെന്നും നിരവധി പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നം ഇതോടെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.