തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് പദ്ധതി നടപ്പിലാക്കിയ രീതിയില്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വീടപണികള്‍ക്കും ചെയ്യാത്ത ലൈഫ് പദ്ധതികള്‍ക്കും പണം നല്‍കി എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
നിയമസഭ ലോക്കല്‍ ഫണ്ട്‌സ് അക്കൗണ്ട് കമ്മിറ്റിക്ക് നല്‍കിയ 2018-19 വര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് വ്യക്തമാകുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിഗണനയില്‍ ഇരിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റിങ് നിര്‍ത്തിവച്ചത്.
പഞ്ചായത്തുകള്‍ ലൈഫ് ഭവന പദ്ധതികള്‍ നിര്‍വ്വഹിച്ചത് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഭവന പദ്ധതികളില്‍ തുക അനുവദിച്ച് പൂര്‍ത്തീരിച്ച പദ്ധതികള്‍ക്ക് ലൈഫിലും തുക നല്‍കിയെന്നാണ് ഗുരുതര കണ്ടെത്തല്‍. വയനാട് ജില്ലയിലാണ് ഇഎംഎസ്, ഐഎവൈ ഭവന പദ്ധതികളില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ക്കും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്.
ചെയ്യാത്ത പദ്ധതികള്‍ക്ക് പണം അനുവദിച്ചതാണ് മറ്റൊരു ക്രമക്കേട്. സ്ഥല പരിശോധനയില്‍ പണി പൂര്‍ത്തിയാക്കത്ത വീടുകള്‍ക്കും തുക മുഴുവനും നല്‍കി. അനര്‍ഹരായവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം നല്‍കിയെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ ആരോപണമുണ്ട്.











