കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കെ വി തോമസ് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. പുറത്താക്കുമെന്ന് നേതൃത്വം
കൊച്ചി മുതിര്‍ന്ന നേതാവ് കെ വി തോമസ് പാര്‍ട്ടിയെ ധിക്കരിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കോണ്‍ഗ്രസിനുള്ളില്‍ വലിയ അവഗണന നേരിട്ടെന്നും തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും പുറത്താക്കല്‍ ഭീഷണികളോട് പ്രതികരിച്ചാണ് കെ വി തോമസ് സിപിഎമ്മിന്റെ ക്ഷണം സ്വീകരിച്ച് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്ഷണിതാവായി പങ്കെടുക്കുക.
മോദിയെ സന്ദര്‍ശിച്ചാല്‍ താന്‍ ബിജെപിയിലേക്കാണെന്നും യെച്ചൂരിയെ കണ്ടാല്‍ സിപിഎമ്മിലേക്ക് പോകുന്നുവെന്നും പറയുന്നവരോട് തനിക്കൊന്നും പറയാനില്ലെന്ന് കെ വി തോമസ്.
അതേസമയം, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള തന്റെ അമര്‍ഷം വെളിപ്പെടുത്തിയാണ് സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍ തോമസ് പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച തന്റെ നിലപാടുകള്‍ വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യമാക്കാനും തോമസ് തീരുമാനിച്ചിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. താനും അദ്ദേഹത്തിനൊപ്പമാണ് പങ്കെടുക്കുന്നത്.
ഡല്‍ഹിയില്‍ വെച്ച് സീതാറാം യെച്ചൂരിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ശശി തരൂരിനേയും ക്ഷണിച്ചിരുന്നു.
യെച്ചൂരിയുടെ ക്ഷണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറുമായി കത്തിലൂടെ ബന്ധപ്പെട്ട് ആശയവിനിമയം നടത്തി.
ഇന്ത്യന്‍ മതേതരത്വം, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്താനാണ് ക്ഷണിച്ചിരിക്കുന്നത്.
ശശി തരൂരുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹവും സിപിഎം പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചിരുന്നതായും പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള എംപിമാരാണ് തരൂരിനെതിരെ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് സോണിയ ഗാന്ധി തരൂരിനെ ബന്ധപ്പെട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു.
കേന്ദ്രത്തിലെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കാനുള്ള അവസരമായാണ് താന്‍ ഇതിനെ കാണുന്നതെന്നും കേരളത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി സഖ്യമില്ലെങ്കിലും തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടു ചോദിച്ചിരുന്നു.
താന്‍ സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് വേറേ ലക്ഷ്യമാണുള്ളത്. താന്‍ ഇന്നലെ പൊട്ടിമുളച്ച ആളല്ല. ജന്‍മം കൊണ്ട് കോണ്‍ഗ്രസ് കാരനാണ്. എന്നും പാര്‍ട്ടി അച്ചടക്കം പാലിച്ചയാളാണ്. തന്നെ പുറത്താക്കുമെന്ന ഭീഷണിയൊക്കെ കുറച്ചു നാളായുള്ള അവഗണനയുടേയും അവഹേളനത്തിന്റേയും ഭാഗമാണ്. കെ വി തോമസ് പറയുന്നു.
കെ വി തോമസും സംസ്ഥാന നേതൃത്വവും തമ്മിലുള്ള അകല്‍ച്ച ഇപ്പോള്‍ അതിന്റെ ഉച്ചസ്ഥായിയിലാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതോടെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉറപ്പാണ്. ഒരു രക്തസാക്ഷി പരിവേഷവുമായി പാര്‍ട്ടി വിടാന്‍ തന്നെയാണ് തോമസ് മാഷ് തയ്യാറെടുക്കുന്നതെന്നാണ് സൂചകള്‍.