കൊച്ചി: ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദിവസങ്ങളായി തുടരുന്ന സസ്‌പെന്‍സ് നിലനിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തുടര്‍ രാഷ്ടീയ തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഇതിനിടെ അനുനയ ശ്രമങ്ങളുമായി വിളിച്ച കോണ്‍ഗ്രസ് നേതാക്കളോട് തന്റെ അടുത്ത ബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെ.വി തോമസ് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും സംസ്ഥാന നേതൃത്വവുമായും ഇടഞ്ഞു നില്‍ക്കുന്ന കെ.വി തോമസ് നാളെ രാവിലെ 11 മണിക്ക് എല്ലാം പറയാം എന്നാണ് മാധ്യമങ്ങളോട് ആവര്‍ത്തിക്കുന്നത്. കെ.വി തോമസിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ നിലപാടെങ്കിലും അനുനയ നീക്കങ്ങള്‍ പിന്‍വാതിലിലൂടെ തുടരുന്നുണ്ട്.
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം എന്നിവ ഹൈക്കമാന്‍ഡ് വാദ്ഗാനം ചെയ്‌തെങ്കിലും കെ.വി തോമസ് വഴങ്ങിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ കെ.വി തോമസിനേപ്പോലൊരാള്‍ ഇടതു മുന്നണിയുമായി അടുത്താല്‍ എറണാകുളത്തും കൊച്ചിയിലും തിരിച്ചടിയുണ്ടാക്കും എന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന കെ.വി തോമസിന് വഴങ്ങേണ്ടതില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.