കുവൈത്ത് സിറ്റി : ഇന്ത്യയുള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വിസ് ആരംഭിക്കാന്‍ സജ്ജമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. വാക്‌സിനെത്തിയാല്‍ വിമാന സര്‍വിസ് ആരംഭിക്കാമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതിനാവശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ മന്ത്രിസഭക്ക് മുന്നില്‍വെച്ച പുതിയ നിര്‍ദേശത്തില്‍ പറയുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു
വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഏഴുമുതല്‍ കുവൈത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്നതിന് മന്ത്രിസഭ യോഗം അനുമതി നല്‍കി. ടിക്കറ്റ് നിരക്ക് കൂടാതെ നിശ്ചിത കാലാവധി ക്വാറന്റീന്‍ കഴിയുന്നത് വരെ 270 ദിനാര്‍ നിരക്കില്‍ ഇതിനായി രാജ്യത്ത് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിനായി സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളുടെ വിശദവിവരങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.