ജോലി കൂടെകൂടെ മാറുന്നത് തൊഴിലുടമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതായി വിലയിരുത്തല്‍.
കുവൈത്ത് സിറ്റി : ഒരേ ജോലിയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തുടരാത്തവര്‍ക്ക് തൊഴില്‍ വിലക്ക് കൊണ്ടുവരാന്‍ കുവൈത്ത് പാര്‍ലമെന്റില്‍ നിര്‍ദ്ദേശം.
രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികളാവര്‍ക്ക് ജോലി മാറുന്നതിന് കാലാവധി നിശ്ചയിക്കണമെന്നാവശ്യപ്പെടുന്ന നിര്‍ദ്ദേശം കുവൈത്ത് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പാര്‍ലമെന്റംഗമായ അബ്ദുള്ള അല്‍ തുറെയ്ജിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം അവതരിപ്പിച്ചത്.
റിക്രൂട്ട്‌മെന്റിനും പരിശീലനത്തിനും വീസയ്ക്കും മറ്റും പണം ചെലവിട്ട ശേഷം തൊഴിലുടമയ്ക്ക് നഷ്ടം വരുത്തന്ന രീതിയില്‍ പ്രവാസികള്‍ ജോലി ഉപേക്ഷിച്ചു പോവുന്ന അനുഭവങ്ങള്‍ ധാരാളം ഉണ്ടെന്ന് അല്‍ തുറെയ്ജി ചൂണ്ടിക്കാട്ടി.
ഇതിനെ നിരുത്സാഹപ്പെടുത്താന്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വേണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.
പരിശീലനം സിദ്ധിച്ച തൊഴിലാളികളെ മറ്റു കമ്പനികള്‍ തട്ടിക്കൊണ്ടുപോകുകയാണ്. ഇതും തടയണം. മുന്‍തൊഴില്‍ പരിചയമില്ലാത്തവരെ റിക്രൂട്ട് ചെയ്യുകയും ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത ശേഷം മറ്റ് കമ്പനികളുടെ മികച്ച ശമ്പള വാഗ്ദാനത്തില്‍ വീണ് ഇവര്‍ തൊഴിലുപേക്ഷിച്ച് പോവുകയാണെന്നും അദ്ദേഹം ഉദാഹരണ സഹിതം പറഞ്ഞു.
ജോലിയില്‍ നിന്നും രാജി വെയ്ക്കുന്നവര്‍ നാട്ടിലേക്ക് മടങ്ങണമെന്നും തുടര്‍ന്ന് ഇവര്‍ക്ക് അഞ്ചു വര്‍ഷം കഴിഞ്ഞ് മാത്രമേ തൊഴില്‍ വീസ അനുവദിക്കാവു എന്നും അല്‍ തുറെയ്ജി ആവശ്യപ്പെട്ടു.
കുവൈത്ത് തൊഴില്‍ വിപണിയിലെ തൊഴിലുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ നിയമഭേദഗതി എന്ന് അദ്ദേഹം പറഞ്ഞു.
ജോലി തേടുന്നവരെ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുന്ന തൊഴില്‍ ഇടനിലക്കാരാണ് ഇതിനു മുഖ്യ കാരണമെന്നും ജീവനക്കാരുടെ ആര്‍ത്തിയെ ഇവര്‍ മുതലെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സ്വതന്ത്രമായി മറ്റൊരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാമെന്നാണ് കുവൈത്ത് തൊഴില്‍ നിയമം അനുശാസിക്കുന്നത്.