കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കുവൈത്ത്. രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ഘട്ട നടപടികളില്‍ മൂന്നാം ഘട്ടം ജൂലൈ 28 ന് ആരംഭിക്കാന്‍ തീരുമാനമായി. നിലവിലുള്ള കര്‍ഫ്യൂ സമയം ജൂലൈ 28 ചൊവ്വാഴ്ച മുതല്‍ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്നുവരെയായി ചുരുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
ഫര്‍വാനിയയില്‍ നിലനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ജൂലൈ 26 ഞായറാഴ്ച അഞ്ച് മണിയോടെ അവസാനിക്കും. കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സ്തംഭിച്ച ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. ഭാഗിക കര്‍ഫ്യൂവിന്റെ സമയം രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെയാക്കുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവില്‍ രാത്രി എട്ടുമുതല്‍ രാവിലെ അഞ്ചുവരെയാണ് കര്‍ഫ്യൂ സമയം. മൂന്നാം ഘട്ടത്തില്‍ കര്‍ഫ്യൂ നീക്കും എന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കര്‍ഫ്യൂ സമയം കുറയ്ക്കുക മാത്രമാണ് ചെയ്തത്. ടാക്‌സി വാഹനങ്ങള്‍ക്ക് ഒരു യാത്രക്കരനെ മാത്രം കയറ്റി സര്‍വ്വീസ് നടത്തുവാന്‍ അനുമതി നല്‍കിയതാണ് മറ്റൊരു സുപ്രധാന തീരുമാനം.











