കുവൈറ്റ് സിറ്റി: സ്വതന്ത്ര കുവൈത്തിന് ഇന്ന് അറുപതാം പിറന്നാള്‍. ഫെബ്രുവരി 25 കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും ഫെബ്രുവരി 26 അയല്‍ രാജ്യമായ ഇറാക്കിന്റെ അധിനിവേശത്തില്‍ നിന്നും രാജ്യം മോചിതമായതിന്റെ സന്തോഷ ദിനങ്ങളാണ് യഥാക്രമം ദേശീയ – വിമോചന ദിനമായി രാജ്യം ആചരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഘോഷത്തിന് ഒരുങ്ങിയിരിക്കെയാണ് കുവൈത്തില്‍ ആദ്യ കോവിഡ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടങ്ങോട്ട് ലോക രാജ്യങ്ങള്‍ക്കൊപ്പം കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം നീങ്ങി. കരയിലും കടലിലും ആകാശത്തും കവാടങ്ങള്‍ അടച്ചിട്ടു. ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സഹാബിന്റെ മരണത്തിന് ശേഷമുള്ള ആദ്യ ദേശീയ ആഘോഷം എന്ന പ്രത്യകയുമുണ്ട്. ഷെയ്ഖ് സബാഹിന്റെ പുത്രനും മുന്‍ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസര്‍ അല്‍ സബാഹിന്റെ മരണം ഒരു വര്‍ഷത്തിനിടെയുണ്ടായി.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വളരെ കുറഞ്ഞ ജനസംഖ്യയുള്ള ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമായിരുന്നു കുവൈറ്റ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഒരു പ്രധാന വ്യാപാര കേന്ദ്രവും ബോട്ട് നിര്‍മ്മാണ കേന്ദ്രവുമായി മാറി. 1756-ല്‍ അല്‍ സബ കുടുംബം കുവൈറ്റ് ഭരിക്കാനുള്ള അധികാരം ഏറ്റെടുത്തു. 1961 ജൂണ്‍ 19നാണ് രാജ്യം ബ്രട്ടീഷ് കാരില്‍ നിന്നും മോചിതമായത്. അല്‍-സബ കുടുംബത്തില്‍ നിന്നുള്ള ഷെയ്ഖ് അബ്ദുല്ല അല്‍ സലീം അല്‍ സബ ആദ്യ രാജാവായി അധികാരമേറ്റു. ആദ്യ 2 വര്‍ഷം ദേശീയദിനം ജൂണ്‍ 19നും ആയിരുന്നു.
പിന്നീട്, രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടിയും ആധുനിക കുവൈറ്റ് നിര്‍മ്മിക്കുന്നതില്‍ ദീര്‍ഘവീക്ഷണത്തോടു കൂടിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്ത അമീര്‍ ഷെയ്ഖ് അബ്ദുള്ള അല്‍ സലീം അല്‍ സബ സ്ഥാനാരോഹണം ചെയ്ത ഫെബ്രുവരി 25 അദ്ദേഹത്തോടുള്ള ആദരസൂചനയായി 1964 മുതല്‍ ദേശീയദിനമായി രാജ്യം ആഘോഷിക്കുന്നു. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും അധികാരത്തില്‍ വന്നതിന് ശേഷം ആദ്യം വരുന്ന ദേശീയ വിമോചന ദിനങ്ങളാണ് ഈ വര്‍ഷത്തേത് എന്ന പ്രത്യകതകൂടിയുണ്ട് ഈ ആഘോഷങ്ങള്‍ക്ക്.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നിയോഗിച്ചുവെങ്കിലും മന്ത്രിമാരെ നിയമിക്കുന്ന പ്രക്രിയ പൂര്‍ത്തിയായിട്ടില്ല. ആഘോഷങ്ങള്‍ക്ക് കടുത്ത വിലക്കുണ്ട്. രാജ്യത്ത് വിവിധങ്ങളായ ആഘോഷപരിപാടികള്‍ സര്‍ക്കാര്‍തലത്തിലും സ്വകാര്യ സ്ഥാപനങ്ങളും നടത്തി വരുന്നുണ്ടെങ്കിലും പതിവ് പോലെ ജനം തെരുവില്‍ ഇറങ്ങില്ല. പ്രധാന റോഡുകളും റെസിഡെന്‍ഷ്യല്‍ ഏരിയകളും വൈദ്യുതി ദീപാലങ്കാരങ്ങള്‍ കൊണ്ടും ദേശീയ പതാകകള്‍ കൊണ്ടും അലങ്കരിച്ച് ആഘോഷത്തെ ഹൃദയത്തിലേറ്റുകയാണ് കുവൈറ്റ് ജനത.