കുവൈറ്റ് സിറ്റി: ജിസിസി യില്‍ ആദ്യമായി വിവരാവകാശനിയമം നടപ്പാക്കി കുവൈറ്റ്. സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പൗരന്മാര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷ നല്‍കി അറുപതു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ജിസിസിയില്‍ വിവരാവകാശ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും കുവൈത്ത് നേടി.
സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ടതോ നടപടികള്‍ സംബന്ധിച്ചതോ ആയ വിവരങ്ങള്‍ ആവശ്യപെടുന്ന പൗരന്മാര്‍ക്ക് ഇവ ലഭ്യമാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അതാതു വകുപ്പുകളില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ അറുപതു ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകും. അപേക്ഷ തള്ളുകയാണെകില്‍ കൃത്യമായ കാരണം കാണിക്കണം. അതും രേഖാമൂലം തന്നെയാകണം.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. സ്വകാര്യ വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങളും കച്ചവട രഹസ്യങ്ങളും കുറ്റാന്വേഷണ വിവരങ്ങളും ആര്‍ടിഐ പ്രകാരം പങ്കുവെക്കാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച നിയമത്തില്‍ പറയുന്നു.