കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിയും ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമദ് അല്‍ മന്‍സൂര്‍ എന്നിവരാണ് രാജിവെച്ചത്.
കുവൈത്ത് സിറ്റി : പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കുവൈത്ത് മന്ത്രിസഭയിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന രണ്ട് മന്ത്രിമാര്‍ രാജിവെച്ചു.
ഇരുവരുടേയും രാജി സ്വീകരിച്ച അമീര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ അഹ്‌മദ് നാസര്‍ അല്‍ സബാഹിന് പ്രതിരോധ വകുപ്പിന്റേയും എണ്ണകാര്യ മന്ത്രി മുഹമദ് അല്‍ ഫാരിസിന് ആഭ്യന്തര വകുപ്പിന്റേയും അധിക ചുമതല നല്‍കി.
ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ അവകാശം ദുര്‍വിനിയോഗം ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയുന്നില്ലെന്ന് പ്രതിരോധ മന്ത്രിഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി കുവൈത്തി ദിനപത്രമായ അല്‍ ഖബാസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദേശീയ അസംബ്ലിയില്‍ നടക്കുന്ന ചോദ്യം ചെയ്യലും തന്റെ രാജിക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മാര്‍ഗങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് ഇതാണ് തങ്ങളുടെ രാജിക്ക് കാരണം മന്ത്രി പറഞ്ഞു.
കലഹവും സംഘര്‍ഷവും നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷമാണ് പൊതുവേയുള്ളത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക എന്നത് അസാധ്യമായിത്തീര്‍ന്നിരിക്കുകയാണ് ഭരണ നിര്‍വ്വഹണ ഉപകരണങ്ങള്‍ക്ക് കാതലായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. സംയുക്ത പ്രസ്താവനയില്‍ ഇരു മന്ത്രിമാരും പറയുന്നു.
ബുധനാഴ്ചയാണ് കുവൈത്ത് വിദേശകാര്യ മന്ത്രി അവിശ്വാസ പ്രമേയം അതിജിവിച്ചത്.
മന്ത്രിസഭയ്ക്കെതിരേയും സഭാംഗങ്ങള്‍ക്കെതിരേയും കുറ്റവിചാരണ നടത്താന്‍ ദേശീയ അസംബ്ലി അംഗങ്ങള്‍ക്ക് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. പത്ത് എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കാം. പ്രമേയ ചര്‍ച്ചകള്‍ക്കു ശേഷം നടക്കുന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ മന്ത്രിയും ചിലപ്പോള്‍ മന്ത്രിസഭയും രാജിവെയ്‌ക്കേണ്ടി വരും.