ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി കുവൈത്തിലെ മൂന്ന് നഗരങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു
കുവൈത്ത് സിറ്റി : ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ മൂന്നു ശാഖകള്‍ കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാസ്‌പോര്‍ട്ട്, വീസ, കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി ഇന്ത്യന്‍ എംബസിയാണ് ബിഎല്‍എസിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
66 രാജ്യങ്ങളില്‍ പ്രവാസി ഇന്ത്യക്കാരുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കി വരുന്നത് ബിഎല്‍എസ് ഇന്റര്‍നാഷണലാണ്.
കുവൈത്ത് സിറ്റി, ഫഹാഹീല്‍, അബ്ബാസിയ എന്നിവടങ്ങളിലാണ് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്.
മികച്ച സേവനവും സൗകര്യവും നല്‍കുക എന്നതാണ് എംബസിയുടെ ലക്ഷ്യം. ഇതിനായാണ് പ്രഫഷണല്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു. ഇതിനൊപ്പം അറ്റസ്റ്റേഷന്‍ സേവനവും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പാസ്‌പോര്‍ട്ട് പുതുക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായി അപേക്ഷാ നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെന്നും പ്രൊസസിംഗ് സമയം കുറച്ചിട്ടുണ്ടെന്നും ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു.
കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള സേവനങ്ങള്‍ മികച്ച കസ്റ്റമര്‍ സര്‍വ്വീസോടെ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി മികച്ച ബന്ധം സ്ഥാപിച്ച് ഇതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഎല്‍എസ് സേവന കേന്ദ്രങ്ങളില്‍ ഫോട്ടോകോപിയിംഗ് കൊറിയര്‍ , ഫോട്ടോഗ്രഫി അപേക്ഷകള്‍ പൂരിപ്പിക്കാനുള്ള സഹായം എന്നിവയും ലഭ്യമായിരിക്കും.
ഈ കേന്ദ്രങ്ങളിലൂടെ ബിരുദ സര്‍ട്ടിഫിക്കേറ്റുകളുടേയും വ്യക്തിപരമായ രേഖകളുടെയും അറ്റസ്റ്റേഷന്‍ നടപടിയും ലഭ്യമാക്കും.