കൊച്ചി: കുതിരാനിലെ ഒരു ടണല്‍ മാര്‍ച്ച് അവസാനം തുറക്കാമെന്ന് നിര്‍മാണ കമ്പനി ഹൈക്കോടതിയില്‍. യുദ്ധകാലാടിസ്ഥാനത്തില്‍ പണി പുരോഗമിക്കുകയാണന്നും പരിശോധന നടത്തിയെന്നും തകരാര്‍ ഒന്നും ഇല്ലന്നും ദേശീയ പാതാ അതോറിറ്റി അറിയിച്ചു. ഒരു ടണല്‍ തുറക്കണമെന്നാവശ്യപ്പെട്ട് ചിഫ് വിപ്പ് കെ.രാജന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രോജക്ട് ഡയറക്ടറുടെ അനുമതി വേണമെന്നും വിദഗ്ധ സമിതി പരിശോധിക്കേണ്ടതുണ്ടന്നും അതോറിറ്റി വ്യക്തമാക്കി. സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ അതോറിറ്റി കൂടുതല്‍ സമയം തേടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
സാമ്പത്തിക പ്രശ്നം കാരണമാണ് പണി നീളുന്നതെന്നും പണിമുടങ്ങിയിട്ടില്ലെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നു. സാമ്ബത്തിക സ്രോതസ് ഇപ്പോഴാണോ കണ്ടെത്തുന്നതെന്ന് കോടതി ആരാഞ്ഞു. ഒരു ടണല്‍ തുറക്കാന്‍ മൂന്നു മാസം കൂടി വേണമെന്നും മാര്‍ച്ച് അവസാനത്തോടെ പണി തീര്‍ക്കാനാവുമെന്നും നിര്‍മാണ കമ്പനി അറിയിച്ചു.
ദേശീയപാത അതോറിറ്റിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊതുജനം ബുദ്ധിമുട്ടുകയാണെന്നു പറഞ്ഞ കോടതി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പദ്ധതിയുണ്ടോയെന്നും ചോദിച്ചിരുന്നു. നിര്‍മാണം നിലച്ച നിലയിലാണെന്നും കരാര്‍ കമ്ബനിയുമായി തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളും പണി വൈകാന്‍ കാരണമായെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞിരുന്നു.