കുന്നംകുളം: കുന്നംകുളം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമാക്കി സ്‌പോര്‍ട്‌സ് ഡിവിഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ സ്‌പോര്‍ട്‌സ് ഡിവിഷനാണ് കുന്നംകുളത്ത് യാഥാര്‍ത്ഥ്യമാകുന്നത്. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനുമാണ് നിലവിലുള്ളത്. സ്‌പോര്‍ട്‌സ് ഡിവിഷന്റെ തയ്യാറെടുപ്പുകള്‍ക്കായി 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് സര്‍ക്കാര്‍ ഇതിനോടകം നടത്തിയത്.
മധ്യ കേരളത്തിലെ കായിക കുതിപ്പിന് കരുത്തേകുക എന്നതാണ് കുന്നംകുളത്ത് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിക്കുന്നതിലൂടെ ലക്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് പ്രഥമ ഡിവിഷന്‍ ഈ അധ്യയനവര്‍ഷം തന്നെ ആരംഭിക്കും. ഇതിനാവശ്യമായ പരിശീലകരേയും ജീവനക്കാരേയും നിയമിക്കാന്‍ നടപടി ആരംഭിച്ചതായും കായിക ഉപകരണങ്ങളും സ്‌പോര്‍ട്‌സ് കിറ്റും തയ്യാറായതായും കായിക വകുപ്പ് അറിയിച്ചു.
ഇരുപത്തിനാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്‌കൂളിലെ സൗകര്യങ്ങള്‍ സ്‌പോര്‍ട്‌സ് ഡിവിഷനു കൂടി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 400 മീറ്റര്‍ സിന്തറ്റിക്ക്ട്രാക്ക്, ഡ്രെയിനേജ് സംവിധാനത്തോട് കൂടിയ പുല്‍മൈതാനി, അനുബന്ധ സൗകര്യങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, കുട്ടികള്‍ക്ക് പ്രാക്ടീസ് ചെയ്യാനുള്ള രണ്ട് ഇടത്തരം കളിസ്ഥലങ്ങള്‍, ബാസ്‌ക്കറ്റ് ബാള്‍ പരിശീലനത്തിനായി കുന്നംകുളം നഗരസഭാ ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് കായിക പ്രതിഭകളെ കാത്തിരിക്കുന്നത്. 84 കുട്ടികള്‍ക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനോട് അനുബന്ധിച്ച് സജ്ജമാണ്.