കൊല്ലം: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ അര്‍ധരാത്രി പെരുവഴിയില്‍ ഇറക്കിവിടുന്ന കെഎസ്ആര്‍ടിസിയുടെ രീതി ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരത്തില്‍ പെരുമാറുന്ന ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിച്ച് അക്കാര്യം കമ്മീഷനെ അറിയിക്കണമെന്ന് അംഗം വി കെ ബീനാകുമാരി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദ്ദേശം നല്‍കി.
കടപ്പാക്കട സ്വദേശി കെ ആര്‍ രാധാക്യഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഹൃദ്‌രോഗിയായ പരാതിക്കാരന്‍ അടൂരില്‍ നിന്നും കയറി കൊല്ലം കോട്ടന്‍മില്‍ ബസ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടാകുറ്റി സ്റ്റോപ്പില്‍ ഇറക്കിവിട്ടെന്നാണ് പരാതി.
അതേസമയം, പരാതിക്കാരന്‍ അറിയിച്ചതനുസരിച്ച് അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കെ എല്‍ 15-7253 നമ്പര്‍ ബസിലെ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം ഡി അറിയിച്ചു. എന്നാല്‍ കെ എസ് ആര്‍ ടി സി യില്‍ നിലനില്‍ക്കുന്ന സ്ഥിരം രീതിയില്‍ വെറും ഒരു ഷോക്കോസ് മെമ്മോ നല്‍കി വിശദീകരണം വാങ്ങി പരാതി തീര്‍പ്പാക്കുന്ന രീതി ഇക്കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.