തിരുവനന്തപുരം: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി ഇന്ന് നടത്താനിരുന്ന രാജ്ഭവന്‍ മാര്‍ച്ച് മാറ്റിവെച്ചു. തിരുവനന്തപുരത്ത് ഉള്‍പ്പടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്നാണിത്. മാര്‍ച്ചിന് ആളെത്തില്ലെന്ന ആശങ്കയുള്ളതിനാല്‍ മാര്‍ച്ച് മാറ്റിവയ്ക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. നേതാക്കളും പ്രവര്‍ത്തകരും കടുത്ത നിരാശയിലാണ്.
വ്യാപകമായി ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതും നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഫലം വരുന്നതിന്റെ തൊട്ടടുത്ത ദിവസം മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചത്. ഫലം വന്നതോടെ മാര്‍ച്ച് ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം തലസ്ഥാനത്ത് നേതൃത്വത്തിനെതിരെ വ്യാപകമായ പോസ്റ്ററുകള്‍ നിരന്നു. നേതാക്കന്മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുളളതായിരുന്നു പോസ്റ്ററുകള്‍. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പലയിടത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആരോപിക്കുന്നത്. കൂടാതെ കെ. മുരളീധരനും കെ. സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.











