English हिंदी

Blog

kerala_triple_lockdown_covid-19

കോട്ടയം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാലിടത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോട്ടയം നഗരസഭയിലെ വാര്‍ഡ്-46, ചങ്ങനാശേരി 31,33 വാര്‍ഡുകള്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 18-ാം വാര്‍ഡുമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. മണര്‍കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ജില്ലയില്‍ 19 കണ്ടെയ്ന്‍മെന്റ് സോണുകളായി.

Also read:  കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ചയില്ലെന്ന് പോലീസ്

മെഡിക്കൽ കോളജ് ആശുപത്രി നേത്രരോഗ വിഭാഗത്തിൽ തിമിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ആൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് എന്ന സംശയത്തെത്തുടർന്ന് 7-ാം വാർഡ് അടച്ചു. ഈ രോഗിയുമായി നേരിട്ട് ഇടപഴകിയ ഡോക്ടർമാർക്കും ജീവനക്കാർക്കും ക്വാറന്റീൻ നിർദേശിച്ചു. ഇദ്ദേഹത്തെ കോവിഡ് ചികിത്സാ വിഭാഗത്തിലും സമീപ കിടക്കകളിലുണ്ടായിരുന്നവരെ കോവിഡ് നിരീക്ഷണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. 20 പേരാണ് ഈ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഇവരെ 11-ാം വാർഡിലേക്ക് മാറ്റി. 7-ാം വാർഡ് ശുചീകരണവും അണുനശീകരണവും ആരംഭിച്ചു.

Also read:  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ചങ്ങനാശേരി മാർക്കറ്റിൽ അതീവ ജാഗ്രത പുലർത്താൻ കലക്ടർ എം. അഞ്ജന നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ആന്റിജൻ പരിശോധന ഇന്നും നാളെയും തുടരും. പച്ചക്കറി മാർക്കറ്റിലും സമീപത്തെ വ്യാപാര മേഖലകളിലുമുള്ളവരുടെ സാംപിളുകൾ ശേഖരിക്കും. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് നാലു പേർക്ക് രോഗം സ്ഥിരീകരിച്ചത്. പരിശോധനയിൽ പങ്കെടുത്ത 14 പേരെക്കൂടി കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.