കൊല്ലം: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്തത് ഡോക്ടറുടെ കുറിപ്പടിയാണ്. ഒരാള്‍ക്കും വായിക്കാന്‍ കഴിയാത്ത തരത്തിലുള്ള കുറിപ്പടി എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആണ് ആര്‍ക്കും വായിക്കാന്‍ കഴിയാത്ത മരുന്ന് കുറിപ്പടി എഴുതിയത്.സംഭവം വിവാദമായതോടെ കൊല്ലം ഡിഎംഒ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
ഇതിന് പിന്നാലെ, സൂപ്രണ്ട് അനില്‍ കുമാര്‍ വിശദീകരണവുമായി രംഗത്തെത്തി. കൈയക്ഷരം മോശമാണെന്നും തിരക്കിനിടയില്‍ എഴുതിയതാണെന്നുമാണെന്നും അനില്‍ കുമാര്‍ പറയുന്നു. ആശുപത്രിയിലെ തിരക്കാണ് കാരണമെന്ന് മറ്റ് ഡോക്ടര്‍മാരും കൂട്ടിച്ചേര്‍ത്തു.
വെരിക്കോസ് വെയിന്‍ രോഗത്തിനുള്ള മൂന്നു മരുന്നുകള്‍, രക്തപരിശോധനയ്ക്കുള്ള നിര്‍ദേശം എന്നിവയാണ് കുറിപ്പിലുണ്ടായിരുന്നതെന്ന് സൂപ്രണ്ട് പറയുന്നു. മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് വായിക്കാന്‍ കഴിയുമെങ്കിലും സാധാരണക്കാര്‍ക്ക് വായിക്കാന്‍ ബുദ്ധിമുണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കുറിപ്പടി വായിക്കാന്‍ കഴിയില്ലെങ്കില്‍ ബന്ധപ്പെട്ട ഡോക്ടറെ വിളിച്ചുചോദിക്കണമെന്നും അല്ലെങ്കില്‍ തന്നെ അറിയിക്കണമെന്നും ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.