കൊച്ചി: അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി വിജയദാസിന്റെ സംസ്‌കാരം ഇന്ന്. മൃതദേഹം തൃശ്ശൂരില്‍ നിന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിലെത്തിച്ചു. എലപ്പുള്ളി ഗവ: സ്‌കൂളിലും സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലും പൊതു ദര്‍ശനത്തിനുവെച്ച ശേഷം 11 മണിക്ക് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7.45 നാണ് വിജയദാസ് എംഎല്‍എ വിടവാങ്ങിയത്. കഴിഞ്ഞ നവംബര്‍ 27 ന് കോവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് ഡിസംബര്‍ 11 മുതല്‍ മെഡിക്കല്‍ കോളജിലുമായിരുന്നു ചികിത്സ.
കോവിഡ് മാറിയെങ്കിലും പിന്നീടുണ്ടായ മറ്റ് അസുഖങ്ങള്‍ സ്ഥിതി ഗുരുതരമാക്കി. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ആറുദിവസം പിന്നിട്ടപ്പോഴാണ് കെ.വി വിജയദാസിന്റെ മരണം. വിജയദാസ് രണ്ട് തവണ കോങ്ങാടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. മികച്ച സഹകാരിയും കര്‍ഷകനുമായിരുന്ന അദ്ദേഹം, പാലക്കാട് ജില്ലയിലെ ജനകീയ നേതാവായിരുന്നു.