തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്‍റെ നിറം ചുവപ്പല്ല കാവിയും പച്ചയുമാണെന്ന് കോടിയേരി ആരോപിച്ചു.
സിപിഎം മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. ചാരക്കേസ് ചമച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം ഇനി കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഇടതു സര്‍ക്കാര്‍ ഏതോ ചുഴിയില്‍പ്പെട്ടെന്ന ധാരണ സൃഷ്ടിക്കാന്‍ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
ഭരണശേഷിയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി എം.ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആക്കിയതെന്നും എന്നാല്‍ ശിവശങ്കറിലുള്ള വിശ്വാസത്തിന് കോട്ടം തട്ടിയതായും കോടിയേരി പറഞ്ഞു. അതേസമയം യുഡിഎഫ് സംസ്ഥാനം ഭരിക്കുന്ന കാലത്തും മര്‍മ്മ പ്രധാന സ്ഥാനങ്ങളില്‍ ശിവശങ്കര്‍ ജോലിചെയ്തിട്ടുണ്ടന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അന്ന് ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും ചേര്‍ച്ച് കഥകളുണ്ടാക്കി. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ല. പാര്‍ട്ടിയും മുന്നണിയും പിണറായി സര്‍ക്കാരിനൊപ്പം ഒറ്റക്കെട്ടായി ഉണ്ടെന്നും കോടിയേരി പറയുന്നു. വരും തെരഞ്ഞെടുപ്പുകളില്‍ ഈ കേസ് ഇടത് സര്‍ക്കാരിനെതിരെ ഉപയോഗിക്കാനുള്ള മോഹം കല്ലിലടിച്ച പൂക്കുലപോലെ തകരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ലേഖനത്തില്‍ പറയുന്നു.