ന്യൂഡല്‍ഹി: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കോവിഡ് രോഗിയായ നഴ്‌സ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഗഫുറന്ന ഖത്തുനാണ് ഹംദ്രാദ് ആശുപത്രി മാനേജ്മെന്റിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. താനടക്കം 83 പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് ഖത്തുന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.
നഴ്‌സുമാര്‍ ക്വാറന്റൈനില്‍ ആയതിനാല്‍ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ വഴിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ജൂലായ് മൂന്നിനാണ് ഖത്തുന് കോവിഡ്-19 രോഗം സ്ഥീരികരിക്കപ്പെട്ടത്. മാനേജ്മെന്റിന്റെ അനുമതിയില്ലാതെ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനാല്‍ നഴ്സുമാരെ പിരിച്ചുവിട്ടുവെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം.എന്നാല്‍ രോഗിപരിചണ വേളയില്‍ നഴ്സമാര്‍ക്കടക്കം എന്‍ 95 മുഖാവരണമുള്‍പ്പെടെയുള്ള ഗുണമേന്മയാര്‍ന്ന വ്യക്തിഗത സുരക്ഷാ കീറ്റുകള്‍ ആവശ്യപ്പെട്ടതിനാലാണ് മാനേജ്മെന്റ് തങ്ങളെ പിരിച്ചുവിട്ടതെന്ന് ഹര്‍ജിക്കാരി പറയുന്നു. കോവിഡ് രോഗ പരിചരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രൊട്ടോക്കോള്‍ രൂപീകരണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡല്‍ഹിയിലും മുംബൈയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് വ്യാപകമായി ആക്ഷേപം ആരോഗ്യ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു.